Latest NewsKeralaYouthNewsWomen

ഒരു മാറ്റത്തിനായി നമുക്ക് എന്തെല്ലാംചെയ്യാൻ സാധിക്കും? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാം

എങ്ങനെയാണ് പുതിയ തലമുറ സുരക്ഷിതമായി വളർന്നു വരുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കുക?

വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ ഉടനെ ഇടപെടേണ്ടി വന്ന വാർത്ത പാലാ സെന്റ് തോമസ് കോളേജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്ന നിഷ്ഠൂരമായ സംഭവമായിരുന്നുവെന്നു പി സതി ദേവി പറയുന്നു. യുവതലമുറയിൽ വർധിച്ചുവരുന്ന ആക്രമണോത്സുകത ഭീതിതമായ അന്തരീക്ഷം ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിൽ നിന്നും യുവ തലമുറയെ മുക്തമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും അതിനായുള്ള നിർദ്ദേശങ്ങളും ആരായുകയാണ് വനിതാ കമ്മീഷൻ അധ്യക്ഷ. സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞ ചില ചോദ്യങ്ങൾ സമൂഹ മനസ്സിന്റെ മുന്നിൽ ഉയർത്തിക്കൊണ്ടു അഭിപ്രായങ്ങളും , ആശങ്കകളും ആരാഞ്ഞു കൊണ്ട് നമുക്ക് മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാമെന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സതി ദേവി പറയുന്നു.

read also: 7 വർഷങ്ങൾക്കു മുൻപ് കുഞ്ഞുമായി ഭർത്താവിന്റെ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ ഇനിയങ്ങോട്ടെന്ത് എന്ന് അറിയില്ലായിരുന്നു

കുറിപ്പ് പൂർണ രൂപം

ഒക്ടോബർ ഒന്നാം തീയതി രാവിലെ 10 മണിക്ക് വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ ഉടനെ ഇടപെടേണ്ടി വന്ന വാർത്ത പാലാ സെന്റ് തോമസ് കോളേജിലെ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥിയെ സഹപാഠി ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്ന നിഷ്ഠൂരമായ സംഭവമായിരുന്നു. കേരളത്തിലെ കലാലയ അന്തരീക്ഷത്തിലുണ്ടാവുന്ന ഇത്തരം സംഭവങ്ങൾ സമൂഹമനസാക്ഷിയെ ആകെ ഞെട്ടിക്കുന്നതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവവുമല്ല. ഏതാനും ആഴ്ചകൾക്കു മുമ്പായിരുന്നു മെഡിക്കൽ വിദ്യാർത്ഥിയായ മറ്റൊരു പെൺകുട്ടിയെ താമസ സ്ഥലത്ത് വെച്ച് വെടിവെച്ചുകൊന്നത്. യുവതലമുറയിൽ വർധിച്ചുവരുന്ന ആക്രമണോത്സുകത എത്രമാത്രം ഭീതിതമായ അന്തരീക്ഷം ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളേജിൽ ഉണ്ടായ സംഭവം.

പ്രണയ ബന്ധങ്ങളിലെ ജനാധിപത്യമെന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥ യുവതലമുറയ്ക്ക് നഷ്ടപ്പെടുന്നു. ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്ത്രീയെ സഹജീവിയായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിന് നഷ്ടപ്പെടുന്നു. പെൺകുട്ടികൾക്ക് വിധേയത്വ മനോഭാവം വേണമെന്നും പുരുഷന്റെ ഇംഗിതത്തിന് വഴങ്ങി കൊടുക്കുന്ന സർവ്വംസഹകളായി അവർ ജീവിക്കണമെന്ന പൊതുബോധം മനുഷ്യർക്കിടയിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്നു.
ഇത്തരം സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ട്. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ആളുകളുടെ ഇടയിലും ഇത്തരം ദുഷ്പ്രവണതകൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. പ്രണയബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും അങ്ങനെ സകല മാനുഷിക ബന്ധങ്ങളെയാകെ തന്നെ വികലമാക്കുന്ന ഈ തെറ്റിധാരണകളെ സമൂഹത്തിൽ നിന്ന് വേരോടെ പറിച്ചു കളയേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് എന്നു പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിബന്ധങ്ങളിലും കുടുംബജീവിതത്തിലും എല്ലാം മുന്നോട്ടുപോകാൻ പരസ്പരം സ്നേഹവും ബഹുമാനവും അനിവാര്യമാണ്.

നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഉതകുന്ന വിധത്തിലുള്ള സാമൂഹ്യപരമായ ഇടപെടലുകളുടെ സാധ്യതകളെ നാം തേടേണ്ടതുണ്ട്, ഡിജിറ്റൽ സാധ്യതകൾ വർദ്ധിക്കുന്തോറും ആധുനിക കാലഘട്ടത്തിൽ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും അധിക്ഷേപങ്ങളും ഇല്ലാതാക്കുവാൻ ഫലപ്രദമായ നടപടികൾ തുടക്കം കുറിക്കേണ്ടതുണ്ട്. മനുഷ്യ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ ജനാധിപത്യപരമായി വിവേക ബുദ്ധിയോടെ പരിഹരിക്കുവാനുള്ള സാമൂഹ്യ ബോധ്യം ഉണ്ടാകേണ്ടതുണ്ട്. അതിനായുള്ള പരിശ്രമങ്ങൾക്ക് നാം തുടക്കം കുറിക്കേണ്ടതുണ്ട്.

സഹൃദയരെ
⭕️ എങ്ങനെയാണ് പുതിയ തലമുറ സുരക്ഷിതമായി വളർന്നു വരുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കുക?
⭕️ നമ്മുടെ വീടുകളുടെ അകത്തളങ്ങളിൽ ആൺ-പെൺ തുല്യത ഉറപ്പുവരുത്താൻ നമുക്ക് ആവുന്നുണ്ടോ?
⭕️ പെൺകുട്ടികളെ മറ്റൊരു അടുക്കളയിലേക്കായി പാകപ്പെടുത്താൻ ശ്രമിക്കുന്ന നമ്മുടെ കുടുംബാന്തരീക്ഷം ആൺകുട്ടികളുടെ മേധാവിത്വ മനോഭാവത്തെയല്ലേ വളർത്തുന്നത്?
⭕️ ഇതിനെക്കുറിച്ച് നാം കൂട്ടായി ചിന്തിക്കേണ്ടതല്ലേ?
⭕️ ഒരു മാറ്റത്തിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും?
ഇങ്ങനെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞ ചോദ്യങ്ങൾ സമൂഹ മനസ്സിന്റെ മുന്നിൽ ഉയർത്തിക്കൊണ്ടു അഭിപ്രായങ്ങളും , ആശങ്കകളും ആരാഞ്ഞു കൊണ്ട് നമുക്ക് മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കാം.
ഇതിനായി നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിലോ ഇമെയിൽ മുഖേനയോ പങ്കുവെക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇമെയിൽ വിലാസം : prowomenscommission@gmail.com

shortlink

Related Articles

Post Your Comments

Related Articles


Back to top button