ഡല്‍ഹി: ബോളിവുഡിനെ നടുക്കിയ രണ്ട് സംഭവങ്ങളായിരുന്നു ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും നടി റിയ ചക്രബര്‍ത്തിയുടെയും അറസ്റ്റുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടന്ന എന്‍സിബിയുടെ രണ്ട് അറസ്റ്റുകള്‍ക്കും നിരവധി സമാനതകള്‍ ഉണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് എന്‍സിബി വമ്പന്‍ സ്രാവുകളെ അറസ്റ്റ് ചെയ്‌തെങ്കിലും റിയ ചക്രബര്‍ത്തി, ആര്യന്‍ എന്നിവരുടെ പക്കല്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ല. എന്നാല്‍ ചില നിര്‍ണായകമായ വാട്സാപ്പ് ചാറ്റുകളാണ് രണ്ടുപേരുടെയും അറസ്റ്റിലേക്ക് വഴിവെച്ചത്.
മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നവയായിരുന്നു മൊബൈലില്‍ നിന്നും ലഭിച്ച ആശയവിനിമയങ്ങളും പണമിടപാടുകളുടെ വിശദാംശങ്ങളും. 2020ല്‍ നടന്‍ സുശാന്ത് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയായിരുന്നു നടി റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ്.
2020 സെപ്റ്റംബര്‍ എട്ടിന് അറസ്റ്റിലായ നടിക്ക് അതേ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കുന്നത്. അന്തരിച്ച നടന്‍ സുശാന്തിന് റിയ മയക്കുമരുന്ന് വിതരണം ചെയ്തുവെന്നും അതേസമയം അവര്‍ സ്വയം ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു എന്‍സിബിയുടെ കണ്ടെത്തല്‍.
ഒരു വര്‍ഷത്തിനിപ്പുറം നടന്ന ആര്യന്‍ ഖാന്റെ അറസ്റ്റും ഇത്തരത്തില്‍ ഫോണ്‍ ചാറ്റുകളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ആര്യന്‍ ലഹരി ഉപയോഗിച്ചിരുന്നതായും വിതരണക്കാരുമായി ബന്ധമുണ്ടെന്നുമാണ് എന്‍സിബി കണ്ടെത്തിയത്. ആര്യനോടൊപ്പം ക്രൂയിസ് കപ്പലില്‍ നിന്ന് കസ്റ്റഡിയിലായ അടുത്ത സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റില്‍ നിന്നും 6 ഗ്രാം നിരോധിത വസ്തുക്കളും എന്‍സിബി പിടിച്ചെടുത്തിരുന്നു.
ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിശദാംശങ്ങളാണ് എന്‍സിബിക്ക് ലഭിച്ചിരിക്കുന്നത്.
Post Your Comments