സോഷ്യൽ മീഡിയയിൽ സജീവമായ രാഷ്ട്രീയ നിരീക്ഷകനാണ് ശ്രീജിത്ത് പണിക്കർ. സാമൂഹിക വിഷയങ്ങളിൽ തന്റേതായ നിലപാട് പങ്കുവയ്ക്കുന്ന ശ്രീജിത്ത് പണിക്കർ സംസ്ഥാന സർക്കാരിന്റെ പല രീതികളെയും ചോദ്യം ചെയ്യാറുണ്ട്. ‘ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി’ എന്ന് മുഖ്യമന്ത്രിയും കൂട്ടരും ഓർമ്മിക്കണമെന്നു ശ്രീജിത്ത് പറയുന്നു.
പോസ്റ്റ് പൂർണ്ണ രൂപം
പ്രിയ കമ്യോളേ, നിങ്ങൾ എനിക്കു നൽകിയ, താഴെപ്പറയുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ചെമ്പോലത്തിട്ടൂരം വല്ല അടുപ്പിലും കൊണ്ടുവച്ച് കത്തിയ്ക്കുക:
[1] മഹാപ്രളയം ഉണ്ടായപ്പോൾ മതിയായ മുന്നറിയിപ്പ് നൽകാതെ ഡാം തുറന്ന് മനുഷ്യരെ ഭയപ്പെടുത്തിയതിനെ കുറിച്ച് മിണ്ടരുത്.
[2] റൂം ഫോർ ദി റിവർ പദ്ധതി പഠിക്കാൻ പൊതുപണം ഉപയോഗിച്ചു നടത്തിയ നെതർലാൻഡ്സ് സന്ദർശനത്തെ കുറിച്ച് മിണ്ടരുത്.
[3] ക്വാറികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പ്രളയം മനുഷ്യ നിർമ്മിതമെന്ന മാധവ് ഗാഡ്‌ഗിലിന്റെ അഭിപ്രായത്തെ കുറിച്ച് മിണ്ടരുത്.
[4] ഇടുക്കി ഡാമിലെ ഫ്ലഡ് കുഷ്യൻ ശരിയായി മാനേജ് ചെയ്യാത്തതു കൊണ്ടാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പോയതെന്നും ഡാമുകളുടെ മോശം മാനേജ്മെന്റാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നും, സിഎജി നിർദ്ദേശത്താൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയതിനെ കുറിച്ച് മിണ്ടരുത്.
[5] മോശം ഡാം മാനേജ്മെന്റ് കാരണമാണ് ദുരന്തം രൂക്ഷമായതെന്ന ഹൈക്കോടതി അമിക്കസ് ക്യൂറി റിപ്പോർട്ടിനെ കുറിച്ച് മിണ്ടരുത്.
[6] പ്രളയഫണ്ടിൽ നിന്ന് ലക്ഷങ്ങൾ മുക്കിയതിനെ കുറിച്ചുള്ള കേസുകളെ കുറിച്ച് മിണ്ടരുത്.
[7] റീബിൽഡ് കേരള പദ്ധതിയെക്കുറിച്ച് മിണ്ടരുത്.
[8] മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കൺസൾട്ടന്റിനെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്താനുള്ള ചീഫ് സെക്രട്ടറിയുടെ വിവാദ നിർദ്ദേശത്തെ കുറിച്ച് മിണ്ടരുത്.
[9] പ്രളയ ധനസഹായത്തിലെ തിരിമറി അന്വേഷിക്കാൻ റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിനെ കുറിച്ച് മിണ്ടരുത്.
[10] ഈ സമയത്ത് വിമർശിക്കരുത്.
വിമർശിക്കുന്നത് പ്രളയത്തെയല്ല, പ്രളയബാധിതരെയല്ല; സർക്കാരിനെയാണ്. സർക്കാരിനോടുള്ള വിമർശനം രക്ഷാപ്രവർത്തനത്തെയൊന്നും തടസ്സപ്പെടുത്തുകയില്ലല്ലോ. വെള്ളപ്പൊക്കത്തെ കുറിച്ച് ചോദിക്കേണ്ടത് വെള്ളപ്പൊക്ക കാലത്തു തന്നെയാണ്. അല്ലാതെ അടുത്ത ശ്രീകൃഷ്ണ ജയന്തിക്ക് വൈകിട്ട് നാലുമണിക്ക് ചോദിക്കാം എന്നല്ലല്ലോ കരുതേണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നദികളിൽ മൃതദേഹങ്ങൾ ഒഴുക്കേണ്ട ഗതികേട് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതും കലണ്ടർ നോക്കി പിന്നീടൊരു തീയതിയിൽ അല്ലല്ലോ.
ഇന്നുള്ളത് രാജഭരണമല്ല, ജനാധിപത്യമാണ്. രാജാവിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലം തന്നെ ചത്തുപോയി. നിരീക്ഷകർ അഭിപ്രായം പറയും. അതങ്ങു ചങ്കിലെ ചൈനയിൽ കൊണ്ടാൽ രണ്ടുറൗണ്ട് നെന്മയുള്ള ലോഹമേ പാടിയിട്ട് പോയി പണി നോക്കണം ഹേ.
Post Your Comments