റിയാദ്: കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും പൂർത്തിയായവർക്ക് സ്പോർട്സ് ഇവന്റുകൾ കാണാനെത്താൻ അനുമതി നൽകി സൗദി അറേബ്യ. ഞായറാഴ്ച്ച മുതൽ കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച സ്‌പോർട്‌സ് പ്രേമികൾക്ക് സ്‌റ്റേഡിയങ്ങളിൽ കായിക പരിപാടികൾ കാണാനെത്താം.
കഴിഞ്ഞ ദിവസം കോവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഇളവുകൾ അനുവദിച്ചിരുന്നു. മാസ്‌കും സാമൂഹിക അകലവും ഉൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായറാഴ്ച്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നത്. പുതിയ ഇളവുകൾ അനുസരിച്ച് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ല. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. മക്ക, മദീന പള്ളികളിലെ തൊഴിലാളികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, പൊതുഗതാഗത സംവിധാനങ്ങൾ, സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്ന് നിർബന്ധമില്ല. ഓഡിറ്റോറിയങ്ങളിൽ വിവാഹമുൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും നിയന്ത്രണമില്ല. നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിയന്ത്രണവും ഒഴിവാക്കി.
Read Also: മുംബൈയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട: ഒരു കോടി രൂപയുടെ ലഹരി മരുന്ന് എൻസിബി പിടികൂടി
സൗദിയിൽ പൊതുസ്ഥലങ്ങളിലെ പ്രവേശനം കോവിഡ് വാക്സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് മാത്രമാണ്. അതേസമയം തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങൾക്കായുള്ള തവക്കൽനാ ആപ്പ് കാണിക്കണമെന്നാണ് നിർദ്ദേശം.
Post Your Comments