ന്യൂഡല്‍ഹി: സിംഘുവിലെ പൈശാചിക കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിര്‍വായ്ര്‍ ഖല്‍സ ഉന്ദാ ദള്‍ നേതാവ് ബല്‍വീന്ദര്‍ സിങ്. വിശുദ്ധഗ്രന്ഥത്തെ ആര് അപമാനിച്ചാലും ഞങ്ങള്‍ ഇതുതന്നെ ചെയ്യുമെന്നും പോലീസിനെയോ സര്‍ക്കാരിനെയോ ഒന്നും ഞങ്ങള്‍ സമീപിക്കില്ലെന്നും സിംഘുവില്‍ 35കാരനായ ദളിത് യുവാവിനെ കൈപ്പത്തിയും കാലും വിച്ഛേദിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബല്‍വീന്ദര്‍ സിങ് പ്രതികരിച്ചു.
കൊല്ലപ്പെട്ട ലഖ്ബീര്‍ സിങ് കുറച്ചുദിവസം മുമ്പാണു കര്‍ഷകസമരഭൂമിയില്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതെന്നു ബല്‍വീന്ദര്‍ ഇന്ത്യാ ടുഡേയോടു പറഞ്ഞു. ക്യാമ്പില്‍ സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ലഖ്ബീര്‍ ഞങ്ങളുടെ വിശ്വാസമാര്ജിച്ചുവെന്നും എന്നാല്‍, കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനു പ്രാര്‍ഥനാവേളയില്‍ അയാള്‍ വിശുദ്ധഗ്രന്ഥം മൂടിയിരുന്ന തുണി മാറ്റി, വിശുദ്ധഗ്രന്ഥത്തെ അപമാനിച്ചുവെന്നും ഇയാൾ വ്യക്തമാക്കി. സംഭവം ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓടിരക്ഷപ്പെട്ടുവെന്നും സമീപത്തെ ഒരു സ്വകാര്യാശുപത്രിയില്‍ നിന്നു പിടികൂടി കൃത്യമായ മറുപടി നൽകുകയായിരുന്നുവെന്നും ബൽവീന്ദർ പറഞ്ഞു. ലഖ്ബീറിന്റെ കൈയില്‍നിന്നു വിശുദ്ധഗ്രന്ഥം പിടിച്ചെടുത്തുവെന്നും ഇയാൾ വ്യക്തമാക്കുന്നു.
Also Read:‘ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ’: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് അയൽരാജ്യത്തെ ജനങ്ങൾ
‘ആരെങ്കിലും അപഹാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ, വിശുദ്ധഗ്രന്ഥത്തെ ആര് അപമാനിച്ചാലും, ഞങ്ങൾ അവരോട് ഈ രീതിയിൽ മാത്രമേ പെരുമാറുകയുള്ളൂ. ഞങ്ങൾ ഒരു പോലീസിനെയും ഭരണകൂടത്തെയും സമീപിക്കില്ല’, ബൽവീന്ദർ സിംഗ് പറഞ്ഞു.
ലഖ്ബീര്‍ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തു. ഹരിയാനയിലെ കുണ്ഡ്ലി ജില്ലയിലുള്ള സമരവേദിയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡിന്‍മേല്‍ ഇടതു കൈപ്പത്തിയും ഒരു കാലും വിച്ഛേദിച്ച് വികൃതമാക്കിയ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്. താഴെ രക്തം തളം കെട്ടിനിന്നിരുന്നു. പരമ്പരാഗത നീലവസ്ത്രമണിഞ്ഞ് കുന്തമേന്തിയ സിക്ക് യോദ്ധാക്കളായ നിഹാംഗുകള്‍ യുവാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു.
കൂലിവേലക്കാരനായിരുന്ന ലഖ്ബീറിന് ഭാര്യയും 8, 10, 12 വയസുള്ള മൂന്ന് കുട്ടികളുമുണ്ട്. ദേശീയ പട്ടികജാതി കമ്മിഷന് ഹരിയാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. അതേസമയം സംഭവത്തിൽ കൈകഴുകി സമരക്കാർ രംഗത്തെത്തി. കര്‍ഷകസമരത്തെ സംഭവവുമായി ബന്ധിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. മതപരമായ വിഷയങ്ങളില്‍ കിസാന്‍ മോര്‍ച്ചയെ വലിച്ചിഴയ്ക്കരുതെന്ന് കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു.
Post Your Comments