തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാനും ദുരന്തഭീഷണിയുള്ള പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് ഗൗരവമായ സ്ഥിതിയാണുള്ളതെന്നും എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read Also : കനത്ത മഴ: സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിച്ചു, എന്‍.ഡി.ആര്‍.എഫും രംഗത്ത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. 19 വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 19 വരെ ശബരിമല തീര്‍ത്ഥാടനം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മലയോര മേഖലകളില്‍ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണമെന്നും ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ ദുരന്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ സഹായിച്ചവരാണ്. ഈ ഘട്ടത്തിലും അവരുടെ സേവനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments