തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ദുരിത ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിച്ചു. എയര്‍ഫോഴ്‌സും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കുകയാണ്. കര-വ്യോമസേന അംഗങ്ങള്‍ പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചു കഴിഞ്ഞു.
Read Also: ശക്തമായ കാറ്റും മോശം കാലാവസ്ഥയും: ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം
കേരളത്തിലെ നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് Mi17, സാരംഗ് ഹെലികോപ്റ്ററുകള്‍ ആവശ്യാനുസരണം ഉപയോഗിക്കുന്നതിനായി തയ്യാറാക്കിയിരിക്കുകയാണ്. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് രണ്ട് ബൗട്ടും ഒബിഎമ്മും മറ്റ് ഉപകരണങ്ങളും കാഞ്ഞിരപ്പള്ളിയിലേക്ക് മാറ്റി.
അതേസമയം എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചു. സൈന്യത്തിന്റെ രണ്ടു ടീമുകളില്‍ ഓരോന്ന് തിരുവനന്തപുരത്തും കോട്ടയത്തും വിന്യസിക്കും. കൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലകളില്‍ പൊലീസ് സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തിര ആവശ്യമുള്ള ഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
Post Your Comments