തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോർജ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
ആശുപത്രികളില്‍ ആവശ്യമെങ്കില്‍ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളില്‍ ആവശ്യമെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തും. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. കൊതുകുകൾ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയിൽ ഒരിക്കൽ ഡ്രെെഡേ ആചരിക്കണം.
Read Also : കരാറുകാരുമായി എംഎൽഎമാർ കാണാൻ വരരുത്: മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെ.സുധാകരൻ
മലിനജല സമ്പർക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിനായി ഡോക്‌സി കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ളവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ ഉറപ്പാക്കിയാൽ സങ്കീർണതകളും മരണവും ഒഴിവാക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments