മനാമ: ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ബഹ്റൈൻ. വാക്‌സിൻ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്കാണ് ക്വാറന്റെയ്ൻ നിബന്ധനയിൽ ഇളവ് നൽകിയത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ ഇനി മുതൽ ക്വാറന്റെയ്‌നിൽ പോകേണ്ടതില്ലെന്ന് ബഹ്‌റൈൻ ടാസ്‌ക് ഫോഴ്‌സ് അറിയിക്കുന്നത്.
ഒക്ടോബർ 15 വെള്ളിയാഴ്ച്ച മുതൽ ഇളവ് പ്രാബല്യത്തിൽ വന്നു. ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് രോഗികളുമായി സമ്പർക്കമുണ്ടായാൽ ക്വാറന്റെയ്ൻ ആവശ്യമില്ലെങ്കിലും രണ്ട് തവണ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പർക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആർ പരിശോധന നടത്തേണ്ടത്.
ഗ്രീൻ ഷീൽഡ് സ്റ്റാറ്റസില്ലാത്തവർ കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. ഇതിനോടൊപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം. രോഗലക്ഷണങ്ങൾ പ്രകടമാവുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വാക്‌സിനേഷനും ബൂസ്റ്റർ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് രോഗവ്യാപനം കുറയുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments