കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും തുടയിലും തലയിലും കഠാരകൊണ്ടുള്ള കുത്തേറ്റ ബിലാല്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് അക്രമിച്ചത്.
ഇതില്‍ ഒന്‍പത് പേര്‍ പോലീസിന്റെ പിടിയിലായി.കരുനാഗപ്പള്ളി കോഴിക്കോട് പുതുക്കാട്ട് വടക്കതില്‍ അസ്ലം (24), പീടികയില്‍ വീട്ടില്‍ സുഹൈല്‍ (23), മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍ ഹിലാല്‍ (21), കണിയാമ്പറമ്പില്‍ മുഹമ്മദ് ഉനൈസ് (21), മാന്‍നിന്ന വടക്കതില്‍ അല്‍ത്താഫ് (21), കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അഖില്‍ (23), തട്ടേത്ത് വീട്ടില്‍ രാഹുല്‍ (28 ), മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ (19), കന്നേലില്‍ വീട്ടില്‍ അഖില്‍ (19) എന്നിവരാണ് അറസ്റ്റിലായത്.
അക്രമി സംഘത്തിൽ ഉണ്ടായിരുന്ന സുഹൈല്‍ എന്ന യുവാവിന്റെ കാമുകിയെ മറ്റൊരാള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോണ്‍ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് ബിലാലിനെ സംഘം ആക്രമിച്ചത്. ബിലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ തിരിച്ചുവരികയായിരുന്നു. ഹഫീസാണെന്നു തെറ്റിദ്ധരിച്ച് അക്രമിസംഘം ബിലാലിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.
വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാല്‍ ബോധരഹിതനായി വീണു. ബിലാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അക്രമിസംഘം വാഹനങ്ങളില്‍ സ്ഥലംവിട്ടു. റോഡില്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാലിനെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി.
Post Your Comments