കൊല്ലം : ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജിന്റെ അപ്രതീക്ഷിത പ്രതികരണം. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉത്രയുടെ അച്ഛൻ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഉത്രയുടെ അച്ഛന്‍ ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് പറഞ്ഞു. എന്നാൽ, പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. അതേസമയം, കോടതി വിധി അപക്വമാണെന്നും നീതി വിരുദ്ധമാണെന്നും സൂരജിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇതിനെതിരെ അപ്പീല്‍ പോകുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.
Post Your Comments