ദില്ലി: പഞ്ചാബില്‍ നവജ്യോത് സിദ്ദുവിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഹൈക്കമാന്‍ഡ്. പാര്‍ട്ടിക്ക് സിദ്ദുവിനെ കൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടായെന്നാണ് സോണിയാ ഗാന്ധിയുടെ വിലയിരുത്തല്‍. സോണിയയുടെ ഇടപെടലോടെ പ്രിയങ്കയും രാഹുലും അദ്ദേഹത്തെ കൈവിടുമെന്നാണ് സൂചന. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനാണ് സാധ്യത. മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിയുമായി അദ്ദേഹത്തിനുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പുറത്തേക്ക് നയിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ മകന്റെ വിവാഹത്തിന് അടക്കം സിദ്ദു പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് വിഭാഗീയതയ്ക്ക് വളമിടുന്നത് സിദ്ദുവാണെന്ന കണ്ടെത്തലിലാണ് രാഹുല്‍. നേരത്തെ അമരീന്ദര്‍ സിംഗിനെ മാറ്റുന്നതില്‍ അടക്കം സിദ്ദുവിന്റെ കൂടെ ഹൈക്കമാന്‍ഡ് പക്ഷേ ഇത്തവണ ചരണ്‍ജിത്ത് സിംഗ് ചന്നിക്കൊപ്പം നില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദളിത് മുഖ്യമന്ത്രിയെ നിയമിച്ചതിലൂടെ ലഭിച്ച നേട്ടം ഇല്ലാതാക്കാന്‍ സിദ്ദു ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം കരുതുന്നുണ്ട്.
നേരത്തെ ചരണ്‍ജിത്തിനെ അപമാനിക്കുന്ന തരത്തില്‍ സിദ്ദു സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡ് ഈ വിഷയം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. സിദ്ദുവിനോട് എത്രയും പെട്ടെന്ന് ദില്ലയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് രാഹുലും പ്രിയങ്കയും.സിദ്ദു സ്വന്തം പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കുന്ന നിലപാട് എടുത്തതാണ് രാഹുലിനെയും പ്രിയങ്കയെയും ചൊടിപ്പിച്ചത്. ഇരുവരും സിദ്ദുവിനെ കാണാന്‍ പോലും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് നടത്തിയ മൗനവ്രതത്തില്‍ നിന്നും നേരത്തെ സിദ്ദു വിട്ടുനിന്നിരുന്നു.
സംസ്ഥാനത്ത് തന്നേക്കാള്‍ മുകളില്‍ ചരണ്‍ജിത്ത് സിംഗ് ചന്നി പോകുന്നതില്‍ സിദ്ദു നിരാശനാണ്. കടുത്ത അതൃപ്തിയും അദ്ദേഹത്തിനുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം സിദ്ദു ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ചരണ്‍ജിത്ത് ഈ സ്ഥാനത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. ദളിത് കാര്‍ഡില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ മുഖ്യമന്ത്രി പദം അദ്ദേഹത്തിന് തന്നെ ലഭിക്കും. സിദ്ദുവിന്റെ രാജി സോണിയ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. സിദ്ദുവാണെങ്കില്‍ രാജി പിന്‍വലിച്ചിട്ടുമില്ല. അറ്റോര്‍ണി ജനറല്‍, ഡിജിപി നിയമനങ്ങളിലാണ് മുഖ്യമന്ത്രിയുമായി സിദ്ദു ഇടഞ്ഞത്.
ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളൊഴിവാക്കാന്‍ സിദ്ദുവിന്റെ രാജി അംഗീകരിക്കാനാണ് സാധ്യത. സിദ്ദുവിന് പകരക്കാരെ ഹൈക്കമാന്‍ഡ് തേടി തുടങ്ങിയിട്ടുണ്ട്. ഇതിലും ചരണ്‍ജിത്തിന്റെ തീരുമാനം തന്നെയാവും പ്രധാനം. സിദ്ദു അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയാല്‍ അത് അമരീന്ദറിന് തിരിച്ചുവരവിനുള്ള സാധ്യതയാണ് തുറന്നിടുന്നത്. സിദ്ദുവിന് അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടാല്‍ പിന്നെ പാര്‍ട്ടിയില്‍ അദ്ദേഹം തുടരാന്‍ സാധ്യതയില്ല. എന്നാല്‍ പഞ്ചാബിലെ ഒരുപാര്‍ട്ടിയും അദ്ദേഹത്തെ ഒപ്പം കൂട്ടാന്‍ സാധ്യതയില്ല.
എഎപിക്കും അകാലിദളിനും സിദ്ദു വലിയ തലവേദനയാണെന്ന് അറിയാം. നിലവില്‍ വിമത ഭീഷണിയും സിദ്ദു അമരീന്ദറില്‍ നിന്ന് നേരിടുന്നുണ്ട്.സിദ്ദുവിനെ നാളെ ഹരീഷ് റാവത്തും കെസി വേണുഗോപാലും കാണുന്നുണ്ട്. എഎപിയില്‍ നിന്ന് കനത്ത വെല്ലുവിളി ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നുണ്ട്. സിദ്ദു പ്രശ്‌നം വഷളാക്കുന്നത് അവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Post Your Comments