ThiruvananthapuramLatest NewsKeralaNews

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം,എതിര്‍ക്കുന്നവരെ തീവ്രവാദികളാക്കാനാണ് ശ്രമമെന്ന് വിഡി സതീശന്‍

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് അദ്ദേഹം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെയും പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്താതെയും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ശ്വഫലങ്ങള്‍ പഠിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമസഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.കെ മുനീര്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കേടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് നീതി ആയോഗിന്റെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹൈവെ വീതി കൂട്ടാന്‍ പണമില്ലാത്തവര്‍ ഇത്രയും വലിയ തുക എവിടെ നിന്ന് കണ്ടെത്തുമെന്ന് അദ്ദേഹം ചോദിച്ചു. പദ്ധതിക്കു വേണ്ടി 1383 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഇരുപതിനായിരത്തിലധികം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്നതിനൊപ്പം 150 ഹെക്ടറോളം വയലും നികത്തണം. പ്രതിദിനം 46,000 പേര്‍ യാത്ര ചെയ്യുമെന്നാണ് പറയുന്നത്. അങ്ങനെ സംഭവിക്കണമെങ്കില്‍ രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ 625 പേരുമായി മൂന്നു തീവണ്ടികള്‍ സര്‍വീസ് നടത്തണം. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ സൂററ്റ് – മുംബൈ കൊറിഡോറില്‍ പ്രതിദിനം 37,500 പേരാണ് യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കെല്ലാം ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഇത് സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. എതിര്‍ക്കുന്നവര്‍ മുഴുവന്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ഇവിടെ വിലപ്പോവില്ല’ എന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ പൂര്‍ണമായ പ്രൊജക്ട് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങള്‍ പഠിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അന്തിമാനുമതി ലഭിച്ച ശേഷമെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാവൂവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button