തിരുവനന്തപുരം: ദേശീയ നിർവാഹക സമിതിയിൽ അംഗമായിരിക്കെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ തീപ്പൊരി വനിതാ നേതാവ് ശോഭസുരേന്ദ്രൻ കഴിഞ്ഞ കുറച്ചു നാളായി സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നില്ല. ഇലക്ഷൻ അടുത്തതോടെയാണ് സ്ഥാനാർത്ഥിയായപ്പോൾ കഴക്കൂട്ടത്ത് ഇവർ എത്തിയത്. എന്നാൽ പിന്നീട് വീണ്ടും ഇവർ നിശ്ശബ്ദയായിരുന്നു. ഇപ്പോൾ വീണ്ടും ദേശീയ നിർവാഹക സമിതിയിൽ പേരില്ലാത്തത് വലിയ വാർത്തയായിരുന്നു.
ഇതിനിടെ പലരും ബിജെപി വിട്ടു പോയതും അണികളിൽ ആശങ്ക ഉണർത്തിയിരിക്കുകയാണ്. ഇപ്പോൾ അതിൽ പരോക്ഷ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ ഏറ്റവും പുതിയ പോസ്റ്റ് കെ സുരേന്ദ്രനെതിരെയുള്ള ഒളിയമ്പാണെന്നാണ് പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല.
എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്.
നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശിപുവിനെയും ഓർക്കുന്നത് നല്ലതാണ്.
Post Your Comments