ദോഹ: വിദേശത്ത് നിന്നും ക്ലോസ്ഡ്-സർക്യൂട്ട് ടെലിവിഷൻ ക്യാമറകൾ ഇറക്കുമതി ചെയ്യുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണെന്ന് ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി സിസ്റ്റം വകുപ്പിന്റെ (എസ്എസ്ഡി) മുൻകൂർ അനുമതി ഇല്ലാതെ സിസിടിവി ക്യാമറകൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാൻ സാധിക്കില്ല. ഇറക്കുമതി ചെയ്യുന്ന സിസിടിവി ക്യാമറകളുടെ പ്രത്യേകതകളുൾപ്പെടെയുള്ള വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം.
കമ്പനികളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നത് ഖത്തറിൽ നിർബന്ധമാണ്. ആവശ്യകത അനുസരിച്ച് എസ്എസ്ഡിയാണ് ഇറക്കുമതിക്കുള്ള അനുമതി നൽകുന്നത്. സിസിടിവി ക്യാമറകൾ സ്ഥാപിച്ച ശേഷം അനുയോജ്യമായ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത് എന്ന് തെളിയിക്കുന്നതിനായി എസ്എസ്ഡിയുടെ സ്ഥിരീകരണ സർട്ടിഫിക്കറ്റും ആവശ്യമാണ്. സിസിടിവി ക്യാമറകൾ നിർബന്ധമാക്കിയിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളുടെ അറ്റകുറ്റപ്പണികൾ നടത്താതിരിക്കുക, അനുമതിയില്ലാതെ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ ലംഘനങ്ങൾക്കെതിരെ കനത്ത ശിക്ഷാ നടപടികളാണ് ഖത്തറിൽ സ്വീകരിക്കുക.
വനിതകൾക്കു മാത്രമായുള്ള കിടപ്പുമുറി, ഫിസിയോതെറാപ്പിക്കുള്ള മുറികൾ, ടോയ്ലറ്റുകൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് ശിക്ഷാർഹമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments