ന്യൂഡല്‍ഹി: 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണ തുടര്‍ച്ചയെന്ന് സര്‍വേ ഫലം. എബിപി സിവോട്ടര്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിന് പുറമെ 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം. കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും പിന്തള്ളിക്കൊണ്ടായിരിക്കും ബിജെപി ഭരണം നിലനിര്‍ത്തുകയെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു.
ഉത്തരാഖണ്ഡില്‍ 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 34 ശതമാനവും ബിജെപിക്ക് 45 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടി 15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. ഗോവയിലെ 40 അംഗ നിയമസഭയില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തല്‍. 24 മുതല്‍ 28 സീറ്റുകള്‍ വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചനം. 30 ശതമാനമാണ് ഇവിടെ ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ച് സീറ്റുകളും ആപ്പിന് മൂന്ന് മുതല്‍ ഏഴ് സീറ്റ് വരെയും പ്രവചിക്കുന്നുണ്ട്.
60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. ഇവിടെ 21 മുതല്‍ 25 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സര്‍വേ ഫലം. 36 ശതമാനമാണ് ബിജെപിയുടെ വോട്ട് വിഹിതം. കോണ്‍ഗ്രസിന് 18 മുതല്‍ 22 സീറ്റുകള്‍ വരെ ലഭിക്കാം. അതേസമയം എന്‍പിഎഫ് നാല് മുതല്‍ എട്ട് വരെയും മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളും പ്രവചിക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ 41.3 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നാണ് സര്‍വേ ഫലം. 403 സീറ്റുകളില്‍ ബിജെപിക്ക് 241 മുതല്‍ 249 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് നിരീക്ഷണം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ വോട്ട് വിഹിതം 23.6 ശതമാനത്തില്‍ നിന്ന് 32.4 ശതമാനമായി ഉയരുമെന്നും സര്‍വേ ഫലത്തില്‍ പറയുന്നു.
Post Your Comments