തിരുവനന്തപുരം: ചെഗുവേരയുടെ സ്മരണകൾ ഓർത്തെടുത്ത് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നതാണെന്നും ആളിക്കത്തുകയും അമര്‍ന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമര്‍പ്പിച്ച സ്വന്തം ജീവനാണെന്നും എം എ ബേബി ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
വിജയം വരെയും അല്ലെങ്കില്‍ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ചയം അദ്ദേഹത്തിന്‍റെ രക്തസാക്ഷി ദിനത്തില്‍, കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക് കരുത്തും ആവേശവും പകരുമെന്ന് എം എ ബേബി അഭിപ്രായപ്പെട്ടു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
പുതിയലോകത്തിന്റെ വിപ്ലവ നക്ഷത്രമായ ചെഗുവേര എന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെര്‍നയുടെ 54 -ാം രക്തസാക്ഷിദിനമാണ് ഒക്ടോബര്‍ 9. അര്‍ജന്റീനയില്‍ ജനിച്ച മാര്‍ക്സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ വിമോചനനേതാവും ആയിരുന്നു ചെഗുവേര.
ഫിദല്‍ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതൃത്വത്തിലുണ്ടായിരുന്ന ചെ അടിച്ചമര്‍ത്തുന്ന ജനവിരുദ്ധഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു.അതേസമയം നിയമവിധേയസമരങ്ങള്‍ക്ക് എന്തെങ്കിലും സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും ചെ തറപ്പിച്ചുപറഞ്ഞു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്‌സിൻ ഡോസുകൾ
വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളില്‍ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്ബത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി അടിസ്ഥാന സാമൂഹിക വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു.
1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ കൂട്ടായ്മയായ ജൂലൈ 26 പ്രസ്ഥാനം എന്ന മുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം നമ്മുടെകാലഘട്ടത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്രത്തിന്റഭാഗമാണല്ലോ. ക്യൂബന്‍ വിമോചനത്തിനുശേഷം 7 വര്‍ഷങ്ങള്‍മാത്രമേ ചെ അവിടെ കേന്ദ്രീകരിക്കുകയുണ്ടായുള്ളു.
1966 ല്‍ ഹവാനയില്‍ചേര്‍ന്ന ‘ഏഷ്യ ,ആഫ്രിക്ക ,ലാറ്റിന്‍ അമേരിക്ക’ എന്നീ ഭൂഖണ്ഡങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ ‘ട്രൈകോണ്‍ടിനെന്റല്‍ ‘ എന്ന സമ്മേളനത്തിനയച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. വിയത്റ്റ്നാം വിമോചനപ്പോരാട്ടം കൊടുമ്പിരിക്കൊണ്ടിരുന്ന അന്ന് ‘ രണ്ടോ മൂന്നോ , അതല്ലയെങ്കില്‍ അസഖ്യം വിയത്റ്റ്നാമുകളോ സൃഷ്ടിക്കണം ‘ എന്ന ലക്ഷ്യം ആണ് ചെ സന്ദേശത്തിലൂടെ നല്‍കിയത്. അത് പ്രാവര്‍ത്തികമാക്കാന്‍ ക്യൂബന്‍ ഭരണത്തിലെപ്രധാനഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി ,ആധുനികബുദ്ധനെപ്പോലെ ചെ , വിമോചനപ്പോരാട്ടഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചു .
അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയന്‍ സേന നടത്തിയ ഒരു ആക്രമണത്തില്‍ 1967 ഒക്ടോബര്‍ 8ന് പിടിയിലായ ചെയെ തൊട്ടടുത്തദിവസം -9ന് വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ നിഷ്ഠൂരമായി വധിച്ചു.
കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു .
ആളിക്കത്തുകയും അമര്‍ന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമര്‍പ്പിച്ച സ്വന്തം ജീവനാണ്.
മരണത്തെ എപ്പോഴും മുഖാമുഖം കണ്ട ചെ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല,പകരം അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാന്‍ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം’.
ചെയുടെ ഈ വാക്കുകള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യയില്‍ വളരെയധികം പ്രസക്തിയുണ്ട്.
ഇന്ത്യയിലെ കര്‍ഷകര്‍ ബിജെപി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി കഴിഞ്ഞ ഒരു വര്‍ഷമായി തെരുവില്‍ പ്രക്ഷോഭത്തിലാണ്.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ,ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ , സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി നിരവധി കര്‍ഷകരെ കൊലപ്പെടുത്തിയത്.എന്നാല്‍ ഇത്തരം ഭീഷണികളില്‍ ഒന്നും പതറാതെ ഇന്ത്യയിലെ കര്‍ഷകര്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്.
വിജയം വരെയും അല്ലെങ്കില്‍ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ഛയം അദ്ദേഹത്തിന്‍റെ രക്തസാക്ഷി ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ഈ സമരങ്ങള്‍ക്ക് കരുത്തും ആവേശവും പകരും.ലോകത്തിന്‍റെ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ വിപ്ലവാഭിവാദ്യങ്ങള്‍..
Post Your Comments