KeralaLatest News

സിപിഎമ്മിന് ഇനി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്: എകെജി സെന്റര്‍ വിശാലമാക്കി ഗവേഷണ കേന്ദ്രമാക്കും

കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്ഥലം റജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം: സിപിഎമ്മിന് തിരുവനന്തപുരത്ത് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ എകെജി സെന്ററിന് എതിര്‍വശത്തായി സിപിഎം സ്ഥലം വാങ്ങി. 34 പേരില്‍ നിന്നാണ് ആറരക്കോടി രൂപ പ്രമാണത്തില്‍ രേഖപ്പെടുത്തി 31.95 സെന്‍റ് സ്ഥലം പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്ഥലം റജിസ്റ്റര്‍ ചെയ്തത്.

എകെജി സെന്‍റിലായിരുന്നു നടപടിക്രമങ്ങള്‍ നടന്നത്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നതോടെ എകെജി സെന്‍റര്‍ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉള്‍പ്പെടുന്ന പഠന ഗവേഷണ കേന്ദ്രമായി മാറുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ നിലവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ പതിച്ച്‌ നല്‍കിയ ഭൂമിയാണ്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് എ.കെ ആന്റണി സര്‍ക്കാര്‍ 1977 ല്‍ പതിച്ചു നല്‍കിയ ഭൂമിയിലാണ് ഈ മന്ദിരം നിലകൊള്ളുന്നത്.

1977 ആഗസ്റ്റ് 20 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 34.408 സെന്റ് ഭൂമിയാണ് എകെജി സ്മാരക കമ്മിറ്റിക്കായി സര്‍ക്കാര്‍ നല്‍കിയത്. 1977 മെയ് 25 ന് തന്നെ സ്മാരക കമ്മിറ്റി സെക്രട്ടറി നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. പിന്നീട്, സ്മാരക ട്രസ്റ്റാക്കി മാറ്റിയതിനെ തുടര്‍ന്ന് 15 സെന്റ് ഭൂമി കൂടി സര്‍വകലാശാലയില്‍ നിന്ന് ലഭിക്കുകയായിരുന്നു. 1987- 1991ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നല്‍കിയിരുന്നു. എട്ടുവര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നല്‍കിയത്.

പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നതോടെ എകെജി സെന്‍റര്‍ പൂര്‍ണമായും പഠന ഗവേഷണ കേന്ദ്രമായി മാറും. ഗവേഷണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ എകെജി സെന്‍റര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ഇത് സംസ്ഥാന കമ്മിറ്റി ഓഫീസായി മാറിയത്. പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിന് എതിര്‍വശത്ത് സ്ഥാപിക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം നടത്താനുള്ള സൗകര്യം, പാര്‍ട്ടി സെക്രട്ടറിയുടെ ഓഫീസ്, സന്ദര്‍ശകമുറി, എന്നിവ ഈ മന്ദിരത്തിലേക്ക് മാറിയേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button