കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഇല്ലാതിരുന്ന 2000-2020 കാലഘട്ടത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി. കാബൂളില്‍ നടന്ന സര്‍വകലാശാല അധ്യാപകരുടെ യോഗത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ബാക്വി ഹഖാനി ഇക്കാര്യം പറഞ്ഞത്.
മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്ന അധ്യാപകരെ സര്‍വകലാശാലകളില്‍ നിയമിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പോകുന്നത് വിലക്കിയിരുന്നു. ആറാംതരം വരെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാം. എന്നാല്‍ അവര്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുന്ന് പഠിക്കാതെ പ്രത്യേക ക്ലാസ് മുറികളില്‍ ഇരിക്കണം. സ്വകാര്യ യൂണിവേഴ്‌സിറ്റികളില്‍ ക്ലാസ് മുറികളില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിട്ടുണ്ട്.
അമേരിക്കയുടെ പിന്തുണയോടെ ഹമീര്‍ കര്‍സായിയും അഷ്‌റഫ് ഗനിയും അഫ്ഗാന്‍ ഭരിച്ചിരുന്ന കാലത്ത് അഫ്ഗാനിസ്ഥാന്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments