ഉദരസംബന്ധമായ പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്നിലാണ് ഗ്യാസ്, ദഹനമില്ലായ്മ, വയര്‍ വീര്‍ത്തുകെട്ടുന്നത് പോലുള്ള വിഷമതകള്‍. ഡയറ്റിലെ പോരായ്മകളോ, വ്യായാമമില്ലായ്മ പോലുള്ള ജീവിതശൈലിയിലെ പാളിച്ചകളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ആവാം ഇതിന് പിന്നില്‍. എന്നാൽ, ഇത്തരത്തിൽ ഗ്യാസ്- ദഹനപ്രശ്‌നം എന്നിവയെല്ലാം താല്‍ക്കാലികമായി വീട്ടില്‍ വച്ച് തന്നെ പരിഹരിക്കാന്‍ സഹായകമാകുന്നൊരു ഡയറ്റ് ടിപ് പങ്കുവയ്ക്കുകയാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ലൂക്ക് കുടീഞ്ഞ്യോ.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലൂക്ക് ഇതിന് സഹായകമാകുന്നൊരു പാനീയം തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ടേബിള്‍ സ്പൂണ്‍ വീതം ചെറിയ ജീരകം, പെരുഞ്ചീരകം, അയമോദകം നാലഞ്ച് കുരുമുളക് എന്നിവ ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കണം. ശേഷം ഇത് അരിച്ചെടുക്കണം. ഒരേസമയം 200 എംഎല്‍ എങ്കിലും ഇത് കുടിക്കണം.
ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെയെല്ലാം ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ പാനീയത്തിന് സാധ്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ പതിവാകുന്നത് എന്ന് കൃത്യമായി പരിശോധിച്ച് അതിനെ ചികിത്സിക്കേണ്ടത് ആവശ്യമാണെന്നും ലൂക്ക് ഓര്‍മ്മിപ്പിക്കുന്നു.
Leave a Comment