
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ 82 ശതമാനത്തിലധികം പേരിലും കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതായി കണ്ടെത്തല്‍. അതേസമയം 40 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നാണ് സൂചന. കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങിയിട്ടില്ലാത്തതിനാല്‍, കൊവിഡ് ബാധയാണ് ആന്റിബോഡിക്ക് കാരണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കുട്ടികളില്‍ ആന്റിബോഡി കുറവാണ്.
തീരദേശത്ത് താമസിക്കുന്നവരില്‍ 90 ശതമാനം വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. കൊവിഡ് ബാധിച്ചോ വാക്സിനേഷനിലൂടെയോ പ്രതിരോധശേഷി ലഭിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ 14 ജില്ലകളില്‍ നിന്നായി 30,000ത്തോളം സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
5-17 പ്രായമുള്ളവര്‍, 18 കഴിഞ്ഞവര്‍, തീരദേശവാസികള്‍, ഗര്‍ഭിണികള്‍, ചേരിനിവാസികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍ എന്നിവരിലാണ് പരിശോധന നടത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ 44.4 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. കുട്ടികളുടെ സാമ്പിള്‍ ശേഖരിച്ചിരുന്നില്ല.
Post Your Comments