ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധക്കാരുടെ അക്രമത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംഭവത്തില്‍ അദ്ദേഹം ഖേദം രേഖപ്പെടുത്തി. സംഭവം സര്‍ക്കാര്‍ വിശദമായി അന്വേഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയും പങ്കെടുക്കാനിരുന്ന ചടങ്ങിലേക്ക് പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു.അക്രമികള്‍ വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയും രണ്ട് എസിയുവികള്‍ കത്തിക്കുകയും ചെയ്തു. അക്രമത്തില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരും നാലുപേര്‍ പ്രതിഷേധക്കാരുമാണെന്ന് പോലീസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ഓടിച്ച കാറാണു കര്‍ഷകര്‍ക്കിടയിലേക്കു പാഞ്ഞുകയറിയതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിച്ചു. അപകടത്തിനിടയാക്കിയ വാഹനം പ്രതിഷേധക്കാർ കത്തിച്ചു. അപകടത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് മിശ്ര. പ്രതിഷേധം നടത്തിയവര്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. അതാണ് സംഭവത്തിലേക്ക് നയിച്ചത്. വടിയും വാളും കൊണ്ടുപോലും പ്രതിഷേധക്കാര്‍ അക്രമം നടത്തിയതായും അജയ് മിശ്ര ആരോപിച്ചു. വാഹനവ്യൂഹത്തില്‍ തന്റെ മകന് ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
Post Your Comments