Latest NewsNewsIndia

ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം: കര്‍ഷക പ്രതിഷേധത്തിനിടെ പി. കൃഷ്ണപ്രസാദിനെ മര്‍ദ്ദിച്ച് പൊലീസ്

യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു കൃഷ്ണപ്രസാദിന് മര്‍ദ്ദനമേറ്റത്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പൊലീസ് അതിക്രമം. കിസാന്‍സഭ അഖിലേന്ത്യാ ട്രഷറര്‍ പി. കൃഷ്ണപ്രസാദിനെ പൊലീസ് മര്‍ദ്ദിച്ചു. യുപി ഭവന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു കൃഷ്ണപ്രസാദിന് മര്‍ദ്ദനമേറ്റത്. വലിച്ചിഴച്ചുകൊണ്ടുപോയി വാഹനത്തില്‍ കയറ്റുന്നതിനിടെ പൊലീസ് കൃഷ്ണപ്രസാദിന്റെ വയറില്‍ ഇടിക്കുകയായിരുന്നു.

അതേസമയം യുപി ഭവന് മുന്നില്‍ സമരം ചെയ്ത കിസാന്‍സഭ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എന്നിവരെയും അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് ബാരിക്കേഡുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു സമരക്കാര്‍. ഇതിനിടെയാണ് പൊലീസ് അക്രമം അഴിച്ചുവിട്ടത്.

ലഖിംപൂരില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതിനിടെയിലേക്കാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ കഴിഞ്ഞ ദിവസം വാഹനം ഇടിച്ച് കയറ്റിയത്. സംഭവത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി പ്രതിഷേധക്കാര്‍ ലഖിംപൂരില്‍ റോഡ് ഉപരോധിച്ചു. കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button