
സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ രണ്ടുപേർ നൊബേൽ സമ്മാനം പങ്കിട്ടു. ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റപ്യുടിയാൻ എന്നിവർക്കാണ് നൊബേൽ പുരസ്‌കാരം ലഭിച്ചത്. ചൂടും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (receptors) കണ്ടെത്തിയതിനാണ് ഇരുവർക്കും അംഗീകാരം ലഭിച്ചത്.
‘ചുടും സ്പർശവും തിരിച്ചറിയാനുള്ള കഴിവ് നമ്മുടെ അതിജീവനത്തിന് അത്യന്താപേഷിതമാണ്. എന്നാൽ നാം ആ കഴിവിനെ നിസാരമായാണ് കാണുന്നത്. ചൂടും സ്പർശവും നമ്മുടെ നാഡീ വ്യൂഹത്തിന് എങ്ങനെ തിരിച്ചറിയാൻ കഴിയുന്നു എന്നുള്ള കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരമെന്ന്’ നൊബേൽ പുരസ്‌കാര സമിതി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
1955 നവംബർ നാലിനാണ് ഡേവിഡ് ജൂലിയസ് ജനിച്ചത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം സാൻഫ്രാൻസിസ്‌കോ സർവ്വകലാശാലയിൽ പ്രഫസറാണ്. ലബനനിലെ ബെയ്‌റൂട്ടിൽ 1967 ലാണ് ആർഡെം പാറ്റപ്യുടിയാന്റെ ജനനം. യുഎസിലെ പസദേനയിൽ കാലിഫോർണിയ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും പിഎച്ച്ഡി നേടിയ അദ്ദേഹം കാലിഫോർണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസർച്ചിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയാണ്.
Post Your Comments