റിയാദ് : കഫേകള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തി സൗദി അറേബ്യ. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്‍മദ് ബിൻ സുലൈമാൻ അൽറാജിഹിയാണ് നേരത്തെ റസ്റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയിലെ സ്വദേശിവത്കരണ തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇത് നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെ ഒക്ടോബര്‍ രണ്ട് മുതല്‍ നിയമം പ്രാബല്യത്തിലായി.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന മേഖലകളില്‍ ഉള്‍പ്പെടുന്നവയാണ് ഇപ്പോള്‍ സ്വദേശിവത്കരണം നടപ്പാക്കിയ തൊഴിലുകള്‍. ഇത് പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റസ്റ്റോറന്റുകള്‍, മത്‍ബഖുകള്‍, ഫാസ്റ്റ് ഫുഡ് കടകള്‍, ജ്യൂസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ 20 ശതമാനം സ്വദേശികളെ നിയമിക്കണം. ഈ സ്ഥാപനങ്ങള്‍ ഷോപ്പിങ് മാളുകളിലോ മറ്റ് വാണിജ്യ കേന്ദ്രങ്ങളുടെ അകത്തോ ആണെങ്കില്‍ സ്വദേശിവത്കരണ തോത് 40 ശതമാനമായിരിക്കും. ഒരു ഷിഫ്റ്റില്‍ നാലില്‍ കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ നിശ്ചിത ശതമാനം സ്വദേശികളുണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ.
അതേസമയം പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷ്യ വസ്‍തുക്കൾ, ഐസ്‍ക്രീം എന്നിവ വിൽക്കുന്ന കഫേകളില്‍ 30 ശതമാനമാണ് സ്വദേശിവത്കരണം. ഇവ മാളുകളിലോ മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെ അകത്തോ ആണെങ്കില്‍ 50 ശതമാനം സ്വദേശികള്‍ വേണം. ഇവിടെ ഒരു ഷിഫ്റ്റില്‍ രണ്ട് പേരുണ്ടെങ്കില്‍ തന്നെ സ്വദേശിവത്കരണം ബാധകമാവുകയും ചെയ്യും. ഫുഡ് ട്രക്ക് മേഖലയിൽ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലായി. ഐസ്ക്രീം, പാനീയങ്ങൾ, മറ്റ് ഭക്ഷ്യവസ്‍തുക്കൾ എന്നിവയെല്ലാം വില്‍പന നടത്തുന്ന ട്രക്കുകളില്‍ ഒരു ജോലിയിലും വിദേശികള്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments