മുംബൈ: കഴിഞ്ഞവര്‍ഷം നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീര്‍ വാങ്കെഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ വാര്‍ത്തകളിലിടം നേടുന്നത്. ഇപ്പോൾ വീണ്ടും ആ പേര് കേൾക്കുന്നത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി എന്‍.സി.ബി. സംഘം പൊളിച്ചടുക്കിയത് മിന്നല്‍ റെയ്ഡിലൂടെ. എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡയുടെ നേതൃത്വത്തിലാണ് ബോളിവുഡിനെ പിടിച്ചുകുലുക്കിയ റെയ്ഡ് നടന്നത്.
കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്യുകയാണെന്ന വിവരം പുറത്തുവന്നതോടെ സംഭവം വലിയ ശ്രദ്ധ നേടുകയും ചെയ്തു. അന്ന് സുശാന്ത് കേസിൽ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസില്‍ ഒട്ടേറെ പ്രമുഖരെയാണ് എന്‍.സി.ബി. സംഘം ചോദ്യംചെയ്തത്. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വില്‍പ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു.
എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടാറയ സമീര്‍ വാങ്കെഡെയായിരുന്നു ഈ ഓപ്പറേഷനുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്. 2008 ബാച്ചിലെ ഐ.ആര്‍.എസ്. ഓഫീസറാണ് സമീര്‍ വാങ്കെഡെ. മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫീസറായാണ് തുടക്കം. പിന്നീട് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണര്‍, എന്‍.ഐ.എ. അഡീഷണല്‍ എസ്.പി, ഡി.ആര്‍.ഐ. ജോയിന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചു. ഇതിനുശേഷമാണ് എന്‍.സി.ബി.യില്‍ എത്തുന്നത്.
കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് യാതൊരു ഇളവും നല്‍കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കെഡെ. വിദേശകറന്‍സിയുമായി പിടികൂടിയത് സമീര്‍ വാങ്കെഡെയായിരുന്നു. 2011-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിരുന്നു.
എന്‍.സി.ബി.യില്‍ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളില്‍ സമീര്‍ വാങ്കെഡെ യാതൊരു മടിയും കൂടാതെ പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല. ലഹരിമാഫിയകളുടെ പേടിസ്വപ്‌നമായ സമീര്‍ വാങ്കെഡെയുടെ ജീവിതപങ്കാളിയും ഒരു സിനിമാതാരമാണ്. പ്രശസ്ത മറാഠി നടിയായ ക്രാന്തി രേദ്ഖറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.
Post Your Comments