Latest NewsKeralaIndia

കൃഷ്ണനെ വരയ്ക്കുന്നതിലും മാന്യത വേശ്യാവൃത്തിയെന്ന് സഹോദരൻ, ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീമിന്റെ ജീവനോപാധി കൃഷ്ണൻ

'അന്ന് ഭര്‍ത്താവ് പറഞ്ഞു, വരച്ചതൊക്കെ നന്നായിട്ടുണ്ട്. പക്ഷേ, വീട്ടില്‍ വയ്ക്കണ്ട. കാരണം ഭര്‍ത്താവിന്റെ വീട്ടുകാരല്ല, ജസ്നയുടെ വീട്ടുകാര്‍ കണ്ടാല്‍ അത് പ്രശ്നമാണ്. അതോണ്ട്, നീയിത് നശിപ്പിച്ച്‌ കളയ്'

പത്തനംതിട്ട: അഞ്ഞൂറിലധികം കൃഷ്ണചിത്രങ്ങള്‍ വരച്ച ജസ്ന സലീമിന് കൃഷ്ണനെ കാണാൻ ഭാഗ്യമുണ്ടായിരുന്നില്ല. എന്നാൽ ഈ കഴിഞ്ഞ ആഴ്ചയാണ് ജസ്‌ന ആദ്യമായി ക്ഷേത്ര ശ്രീകോവിലിൽ ഇരിക്കുന്ന ശ്രീകൃഷ്ണനെ നേരിട്ട് കാണുന്നത്. ഇത് വലിയ വാർത്തയുമായിരുന്നു. കോഴിക്കോട് കൊയിലാണ്ടി പുളിയിരിക്കുന്നത്ത് സലീമിന്റെ ഭാര്യ ജെസ്ന. പത്തനംതിട്ട ജില്ലയിലെ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിയാണ് ജസ്ന ആദ്യമായി ശ്രീകൃഷ്ണ വി​ഗ്രഹം കാണുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ശ്രീകൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ചാണ് ജസ്ന പ്രശസ്തയായത്.

പ്രശസ്തി മാത്രമല്ല ജസ്നയുടെ ഉപജീവന മാർഗം കൂടിയാണ് ഇപ്പോൾ കൃഷ്ണൻ മൂലം നടക്കുന്നത്. വീടിനു പണിക്ക് ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു കൃഷ്ണചിത്രത്തിനു ഡിമാൻഡ് കൂടിയതും അതുമൂലം താൻ രക്ഷപ്പെട്ടതും. ഒരു ഇസ്ലാം മത വിശ്വാസിയായ യുവതി ശ്രീകൃഷ്ണന്റെ ചിത്രം വരക്കുന്നത് മാത്രമായിരുന്നില്ല ആളുകള്‍ക്ക് കൗതുകം. മറിച്ച്‌ ജസ്ന വരച്ച ചിത്രം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ആ​ഗ്രഹങ്ങള്‍ നടക്കുന്ന അനുഭവം കൂടി ഉണ്ടായതോടെ ജസ്നയുടെ കൃഷ്ണ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറുകയായിരുന്നു. ശ്രീകോവിലിന്റെ നേരെ മുന്നില്‍നിന്ന് താന്‍ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം സമര്‍പ്പിക്കാനായത് ഉളനാട്ടിലെ ഓടക്കുഴലൂതി നില്‍ക്കുന്ന ഉണ്ണിക്കണ്ണന്റെ മുമ്പിലാണ്.

ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച്‌ ക്ഷേത്രത്തിലെത്തിയ ജെസ്ന, കണ്ണന്‍ വെണ്ണതിന്നുന്ന ചിത്രം നടയില്‍ സമര്‍പ്പിച്ചശേഷമാണ് ശ്രീകൃഷ്ണ വിഗ്രഹം കണ്ടത്. വെണ്ണ നിറച്ച ഉറി കണ്ണന് സമര്‍പ്പിച്ചശേഷം മേല്‍ശാന്തി വിഷ്ണുനമ്പൂതിരി നല്‍കിയ പ്രസാദവും തുളസിമാലയും കദളിപ്പഴവും സ്വീകരിച്ച്‌ ദക്ഷിണയും നല്‍കി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഉളനാട് ഹരികുമാര്‍, സെക്രട്ടറി അജിത് കുമാര്‍, ട്രഷറര്‍ അനില്‍ എന്നിവര്‍ ജെസ്നയെ സ്വീകരിച്ചു.ഇസ്ലാം മത വിശ്വാസിയാണെങ്കിലും കൃഷ്ണ ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ ഭര്‍ത്താവുള്‍പ്പെടെ ഭൂരിഭാഗം ആളുകളും തനിക്ക് പിന്തുണയാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ വരച്ച ചിത്രം സമ്മാനമായി നല്‍കുകയെന്നതാണ് വലിയ ആഗ്രഹമെന്നും ജെസ്ന പറഞ്ഞു.

വളരെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചയാളാണ് ജസ്ന. പക്ഷേ അവര്‍ തന്നെ കുഞ്ഞിലേ കണ്ണാ എന്ന് വിളിക്കുമായിരുന്നു എന്ന് ജസ്ന പറയുന്നു. അത് കളിയാക്കിയിട്ടായിരുന്നു വിളി. മുസ്ലിം കുടുംബത്തിലൊരു കുട്ടിയെ കണ്ണാ എന്ന് വിളിക്കുന്നത് കളിയാക്കിയുള്ള വിളി ആണല്ലോ. അങ്ങനെ വീടിനടുത്തുള്ള കുട്ടികള്‍ സ്കൂളിലൊക്കെ ചെന്ന് പറയും. അങ്ങനെ സ്കൂളിലും അത് അറിയും. അതുകൊണ്ട് തനിക്ക് കണ്ണാ എന്ന് വിളി കേള്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു എന്നാണ് ജസ്ന പറയുന്നത്. കല്ല്യാണം കഴിഞ്ഞ ശേഷം ഭര്‍ത്താവാണ് ആദ്യമായി കണ്ണനെ കാണിച്ചു തരുന്നതെന്നും യുവതി പറയുന്നു.

കണ്ണനുമായുള്ള ബന്ധത്തിനും ജെസ്നയ്ക്ക് ഒരു കഥയുണ്ട്. ആറുവര്‍ഷം മുമ്പ് പേപ്പറില്‍ അവിചാരിതമായി കണ്ട കൃഷ്ണന്റെ ചിത്രം വരച്ചുനോക്കി ഭംഗി തോന്നിയപ്പോള്‍ അത് വീടിനടുത്തുള്ള നമ്പൂതിരി കുടുംബത്തിലെ വിശേഷത്തിന് സമ്മാനമായി നല്‍കി. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജെസ്ന, കൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന കലാകാരിയായി. അന്ന് മകന്‍ കെജി പഠിക്കുകയാണ്. അങ്ങനെ മോന്റെ പെന്‍സിലൊക്കെയെടുത്ത് ജസ്ന വരച്ചുനോക്കി. വരച്ചത് നന്നാവുകയും ചെയ്തു. ഭര്‍ത്താവ് ജോലിക്ക് പോയി വന്നപ്പോള്‍ കാണിച്ചു കൊടുത്തു.

അന്ന് ഭര്‍ത്താവ് പറഞ്ഞു, വരച്ചതൊക്കെ നന്നായിട്ടുണ്ട്. പക്ഷേ, വീട്ടില്‍ വയ്ക്കണ്ട. കാരണം ഭര്‍ത്താവിന്റെ വീട്ടുകാരല്ല, ജസ്നയുടെ വീട്ടുകാര്‍ കണ്ടാല്‍ അത് പ്രശ്നമാണ്. അതോണ്ട്, നീയിത് നശിപ്പിച്ച്‌ കളയ് എന്നായിരുന്നു ഭര്‍ത്താവിന്റെ നിലപാട്. എന്നാല്‍ നശിപ്പിക്കാന്‍ ജസ്നക്ക് മനസ് വന്നില്ല. അങ്ങനെ സലീം തന്നെ ആ ചിത്രം ഫ്രെയിം ചെയ്ത് നല്‍കി. അത് അവരുടെ ഒരു സുഹൃത്തിന് സമ്മാനമായി നല്‍കുകയും ചെയ്തു. ആ ചിത്രം കിട്ടിയതോടെ സുഹൃത്തിന് നല്ല കാര്യങ്ങള്‍ സംഭവിച്ചു എന്ന് പറഞ്ഞതോടെ വീണ്ടും ചിത്രത്തിന് ആവശ്യക്കാരേറി.

എന്നാൽ ജസ്നയുടെ അമ്മയുടെ അനിയത്തിയുടെ മകൻ ജസ്‌നയോടു നീ കൃഷ്ണ ചിത്രം വരയ്ക്കുന്നതിലും നല്ലത് വേശ്യാവൃത്തി ചെയ്യുന്നതാണ് എന്ന് പറഞ്ഞത് അവളെ വലിയ രീതിയിൽ നോവിച്ചു. തുടർന്ന് ആത്‌മഹത്യയ്ക്ക് ശ്രമിച്ച ജസ്നയുടെ കൈത്തണ്ടയിൽ ഇപ്പോഴും എട്ടു തുന്നലിന്റെ പാടുകൾ കാണാൻ സാധിക്കും. ജസ്നയുടെ സ്വന്തം സ്ഥലം താമരശ്ശേരിയിലെ പൂനൂരാണ്. അവിടെ മുസ്ലിംകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. അവിടെ നിന്നും ഒരു മുസ്ലിം കുട്ടി കൃഷ്ണനെ വരയ്ക്കുന്നു എന്ന് ആ കുടുംബം പറഞ്ഞ് കുറേപ്പേര്‍ അറിഞ്ഞു. അവര്‍ക്കൊക്കെ അത് അത്ഭുതമായിരുന്നു. ആ കുടുംബം ആ കൃഷ്ണനെ വീട്ടില്‍ വച്ചശേഷം നല്ല കാര്യങ്ങള്‍ സംഭവിച്ചു എന്ന് പറഞ്ഞതറിഞ്ഞ് കുറേപ്പേര്‍ വിളിച്ചു, കൃഷ്ണനെ വാങ്ങി.

പിന്നെ, ചിലര്‍ താനൊരു മുസ്ലിം കുട്ടിയാണ്. അവള്‍ക്കൊരു പ്രചോദനമായിക്കോട്ടെ എന്ന് കരുതിയും ചിത്രം വാങ്ങാറുണ്ടെന്നും ജസ്ന പറയുന്നു. നാട്ടില്‍ നിന്നുമാത്രമല്ല, 14 ജില്ലകളില്‍ നിന്നും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമെല്ലാം ആളുകള്‍ കണ്ണനെ തേടി വിളിക്കാറുണ്ടെന്ന് യുവതി വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ വീട് കൊയിലാണ്ടിയാണ്. ഭര്‍ത്താവ് ദുബൈയില്‍ ആണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്. ഒരു മകനും മകളും. മോഹന്‍ലാല്‍, സുരേഷ് ​ഗോപി, ജയറാം, മനോജ് കെ.ജയന്‍, ദിലീപ്, മാതാ അമൃതാനന്ദമയി,​ ​ഗോകുലം, മാളവിക ഇവരൊക്കെ ഈ ചിത്രം തന്റെ കയ്യില്‍ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ജസ്ന പറയുന്നു. കാന്‍വാസ്, അക്രിലിക്, ​ഗ്ലാസ് പെയിന്റ് എല്ലാം ചിത്രരചന പഠിക്കാത്ത ജസ്നക്ക് വഴങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button