ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈനികരെ വിന്യസിച്ചതായി ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ. കിഴക്കന്‍ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് സൈനിക മേധാവിയുടെ പ്രസ്താവന. ചൈന അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്യുന്നുണ്ടെന്നും ഇത് ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും നരവാനെ പറഞ്ഞു.
നിലവില്‍ അതിര്‍ത്തി ശാന്തമാണ്. ചൈനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യ തയ്യാറാണ്. ഏത് സാഹചര്യം നേരിടാനും കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് സൈനിക മേധാവി ലഡാക്കിലെത്തിലെത്തിയത്. ഓഗസ്റ്റ് ആദ്യവാരത്തില്‍ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം ആദ്യമായാണ് സൈനിക മേധാവി ലഡാക്കില്‍ സന്ദര്‍ശനം നടത്തുന്നത്.
കിഴക്കന്‍ ലഡാക്കിലും വടക്കുമാണ് ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. നൂറോളം ചൈനീസ് സൈനികര്‍ ഉത്തരാഖണ്ഡിലെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. ഓഗസ്റ്റ് മുപ്പതിനാണ് ഇവര്‍ അതിര്‍ത്തി കടന്നെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബാരാഹോതി സെക്ടറിലെ യാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഉള്ളിലേക്ക് കടക്കുകയും കുറച്ചുമണിക്കൂറുകള്‍ ചിലവഴിച്ച ശേഷം മടങ്ങിപ്പോവുകയും ചെയ്യുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുതിരപ്പുറത്തെത്തിയ സംഘം, പ്രദേശത്ത് നാശനഷ്ടങ്ങള്‍ വരുത്തിയെന്നും തുടര്‍ന്ന് ഇന്ത്യന്‍ സേന മേഖലയില്‍ പട്രോളിങ് നടത്തിയെന്നും സൂചനയുണ്ട്.
Post Your Comments