ലണ്ടൻ : ബ്രിട്ടനിൽ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സർക്കാർ മുന്നറിയിപ്പ് നല്കി. വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന് മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സർക്കാർ പറഞ്ഞത്.
ക്ഷാമം ഒരു യാഥാര്‍ത്ഥ്യമാണ്, വിവിധ മേഖലകളില്‍ വിതരണ ശൃംഖലകള്‍ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്, പ്രശ്ന പരിഹാരത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി ഋഷി സുനക് പറഞ്ഞു.
കുതിച്ചുയരുന്ന നാണയപ്പെരുപ്പം വരുന്ന ശൈത്യകാലത്ത് ലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും ഋഷി സുനക് സമ്മതിക്കുന്നു. എന്നാല്‍, യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ നല്‍കിയിരുന്ന അധിക 20 പൗണ്ട് നിര്‍ത്തലാക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. അതിനു പകരമായി പരിശീലന പദ്ധതികളിലും തൊഴില്‍ സാദ്ധ്യത ഉറപ്പുവരുത്തുന്നതിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജ, ഇന്ധന, ഭക്ഷ്യ മേഖലകളില്‍ പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ബ്രിട്ടീഷ് സാമ്പത്തിക രംഗം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
Post Your Comments