Latest NewsIndia

കര്‍ഷക സമരക്കാർക്കെതിരെ സുപ്രീംകോടതി, റോഡ്​ അനന്തമായി അടച്ചിടാനാവില്ല

സമരത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ ഗതാഗതം സ്തംഭിക്കുന്നതില്‍ അതൃപ്തി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെയും സമീപസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ ഗതാഗതം സ്തംഭിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ സുപ്രീംകോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്നും പ്രശ്നങ്ങള്‍ കോടതിയിലോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹരിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കൗള്‍ അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.

‘നിങ്ങള്‍ ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടതെങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാന്‍ കോടതിക്ക് ഒരുവഴിയുമില്ല. എക്സിക്യൂട്ടീവിന്റെ ചുമതലയാണ് നിയമം നടപ്പാക്കുകയെന്നത്.’- ജസ്റ്റിസ് കൗള്‍ കൂട്ടിച്ചേര്‍ത്തു.

ഹൈവേകള്‍ അടച്ചുള്ള കര്‍ഷകസമരം ഗതാഗത തടസവും യാത്രാക്ലേശവും സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി മോണിക്ക അഗര്‍വാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ജസ്റ്റിസ് എം.എം. സുന്ദരേഷ് ചോദിച്ചു. കാര്‍ഷിക നിയമങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ ഉന്നതാധികാര സിമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാല്‍, കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ല. സമരക്കാരെ കക്ഷിചേര്‍ത്ത് അവരില്‍ നിന്ന് വിവരങ്ങള്‍ ആരായണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച്‌ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.റോഡ് അടച്ചുള്ള പ്രതിഷേധത്തിന് പരിഹാരം കണ്ടെത്തണമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാരിനോടും ഹരിയാന, ഡല്‍ഹി, യു.പി. സംസ്ഥാന സര്‍ക്കാരുകളോടും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button