തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പാസ്‌പോര്‍ട്ടില്ലാെതയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായതെന്ന് ക്രൈംബ്രാഞ്ച്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ മൊഴി നല്‍കി. ഇതു സംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്.
Read Also: കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കോഴിക്കോട് സിറ്റിയിലെ എസ്.ഐയുടെ വക ധനസഹായം
ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്. മോന്‍സന്‍ മാവുങ്കല്‍ പലരില്‍നിന്നായി നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ പണം വാങ്ങിയത് മോന്‍സന്റെ അക്കൗണ്ട് വഴിയല്ലെന്നും സഹായികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നേരിട്ട് പണമായുമാണ് വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. മോന്‍സന്‍ പലരില്‍ നിന്നായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതില്‍ പണം വേണമെന്ന് മോന്‍സന്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍സംഭാഷണം മോന്‍സന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കും.
Post Your Comments