കോട്ടയം: ദുരൂഹതകൾ വിട്ടൊഴുയാത്ത ജെസ്ന കേസിൽ എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യം. സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ഇതുവരെ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടി വിവിധ ക്രൈസ്തവ സംഘടനയുടെ കൂട്ടായ്മയായ ക്രൈസ്തവ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ തുടക്കമായി ഒക്ടോബര്‍ നാലിന് തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയില്‍ കൂട്ടധര്‍ണയും വിശദീകരണ യോഗവും നടക്കും. ലൗ ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെയാണ് ജെസ്നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം കേസ് മാസങ്ങള്‍ക്കു മുമ്പ് സിബിഐക്കു വിട്ടിരുന്നു.
പക്ഷേ, ഇതുവരെയും ജെസ്ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്കാന് ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മാര്‍ച്ചിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റ് ആണ് അന്വേഷണം നടത്തിവരുന്നത്. കോവിഡും ലോക്ക്ഡൗണും പോലെയുള്ള പ്രശ്നങ്ങള്‍ മൂലം അന്വേഷണം മന്ദഗതിയിലാണ്. ഏറെക്കാലം സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷണം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന കെ.ജി.സൈമണ്‍ വിരമിക്കുന്നതു തൊട്ടുമുന്‍പു നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഈ കേസിനെ അടുത്ത കാലത്തു വാര്‍ത്തകളില്‍ നിറച്ചത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ടെന്നു പത്തനംതിട്ട എസ്പി അന്നു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍, ഇതെന്താണെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോവിഡ് വ്യാപനം അന്വേഷണത്തില്‍ മങ്ങലേല്‍പ്പിച്ചെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments