ചെങ്ങന്നൂര്‍: സത്യം എന്നായാലും പുറത്തുവരുമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷവും അനുബന്ധ മാധ്യമങ്ങളും പ്രചരിപ്പിച്ച കള്ളക്കഥകളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കലിയുഗ ദേവനാണ് അയ്യപ്പന്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവരെല്ലാം സ്വയം നശിച്ചിട്ടേയുള്ളൂ.’ ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കണ്ഠര് രാജീവര് പറഞ്ഞു. ഇപ്പോൾ കത്തി നിൽക്കുന്നത് ചെമ്പോല തിട്ടൂരം എന്ന വ്യാജ രേഖയാണ്.
ഇതിനായി ഇവര്‍ കൂട്ടുപിടിച്ചത് പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലെ രാജമുദ്രയുള്ള പന്തളം കൊട്ടാരത്തിന്റെ ചെമ്പോലയായിരുന്നു. അന്ന് ഭക്തജനങ്ങള്‍ക്കും ശബരിമലയ്ക്കുമൊപ്പം നിലപാടെടുത്ത തന്ത്രി കുടുംബത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഇടതുപക്ഷം ഉന്നയിച്ചത്. ‘തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം, വാദം പൊളിച്ച് ചെമ്പോല തിട്ടൂരം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ശബരിമല മൂന്നര നൂറ്റാണ്ടു മുമ്പ് ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ഇവരുടെ മുഖ്യപ്രചാരണം. അതേസമയം, തട്ടിപ്പുവീരനെ കൂട്ടുപിടിച്ച് പന്തളം കൊട്ടാരത്തിന്റേതെന്ന പേരില്‍ ദേശാഭിമാനിയും 24 ന്യൂസും പ്രചരിപ്പിച്ച ചെമ്പോല തിട്ടൂരത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു.
ആചാര സംരക്ഷണത്തിനായി മുഴുവന്‍ ഹൈന്ദവ സമൂഹവും ഒന്നിച്ചപ്പോഴാണ് ഈ വ്യാജ ചെമ്പോല തിട്ടൂരം ഉയര്‍ന്നുവന്നത്. ശബരിമല സമരത്തെ തകര്‍ക്കുകയും ഹൈന്ദവ സമൂഹത്തെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കുകയുമായിരുന്നു ലക്ഷ്യമെന്നു സംശയിക്കുന്നു. ഇത്തരം ഒരു ചെമ്പോലയെക്കുറിച്ച് പന്തളം കൊട്ടാരത്തിന് അറിവില്ല.
ചെമ്പോലയുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പുരാവസ്തു വകുപ്പിന് പരാതി നല്കുമെന്നും കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര വര്‍മ പറഞ്ഞതായി ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. വ്യാജ രേഖയില്‍ വാര്‍ത്ത നല്കിയ ദേശാഭിമാനി പത്രത്തിനെതിരേയും 24 ന്യൂസിനെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments