ന്യൂഡല്‍ഹി: പഞ്ചാബില്‍ മുഖ്യമന്ത്രി മാറ്റത്തിന് പിന്നാലെ പിസിസി അദ്ധ്യക്ഷപദവി രാജിവച്ച നവജോത് സിംഗ് സിദ്ധുവിനെ വിമര്‍ശിച്ച് ബിജെപി. നിസാരകാര്യങ്ങള്‍ക്ക് പിണങ്ങി പോകുന്ന സിദ്ധു പാര്‍ട്ടിയുടെയോ രാജ്യത്തിന്റെയോ സുരക്ഷയെക്കുറിച്ച് ചിന്തിക്കാത്ത വ്യക്തിയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര പറഞ്ഞു. സിദ്ധുവിനെ വിശ്വസിക്കാന്‍ കൊളളില്ലെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിമോഹമാണ് സിദ്ധുവിന്. അയാളുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനാക്കിയെന്നും അജയ് കുമാര്‍ മിശ്ര പറഞ്ഞു.
പഞ്ചാബിന്റെ അടിത്തട്ടിലെ വിവരങ്ങള്‍ പോലും മനസിലാക്കിയ നേതാവാണ് അമരീന്ദര്‍ സിംഗ്. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ പരിഗണിച്ചിരുന്നില്ലെന്നും അജയ് കുമാര്‍ മിശ്ര കുറ്റപ്പെടുത്തി. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ഡ്രൈവറില്ലാതെ പോകുന്ന വണ്ടി പോലെയായെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ആള്‍ വാഹനം എങ്ങോട്ട് കൊണ്ടുപോകണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ്. പഞ്ചാബിന്റെ അടിത്തട്ടിലെ സാഹചര്യം കോണ്‍ഗ്രസിന് ഇതുവരെ മനസിലായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ അപമാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും അജയ് കുമാര്‍ മിശ്ര പറഞ്ഞു.
Post Your Comments