Latest NewsIndia

ഇനിയല്പം ദേശഭക്തിയാവാം: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ദേശഭക്തി കരിക്കുലവുമായി അരവിന്ദ് കെജ്‍രിവാള്‍

ദേശഭക്തിഗാനം കേള്‍ക്കുമ്പോഴോ ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോഴോ മാത്രം ജനങ്ങളില്‍ ഉണ്ടാകുന്ന വികാരമായി ദേശഭക്തി മാറിയിരിക്കുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ‘ദേശഭക്തി കരിക്കുലം’ അവതരിപ്പിച്ച്‌ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഭഗത് സിങ് ജന്മദിനത്തില്‍ ചത്രസാല്‍ സ്റ്റേ‍ഡിയത്തില്‍ നടന്ന പരിപാടിയിലാണ് ഡല്‍ഹി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. എ.എ.പി സര്‍ക്കാര്‍ ഏറ്റവും പ്രതീക്ഷയോടുകൂടി കാണുന്ന പദ്ധതിയാണിത്. വിദ്യാര്‍ഥികളില്‍ ദേശഭക്തി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘ദേശഭക്തി കരിക്കുലം’ പുതിയ പാഠ്യപദ്ധതി അവതരിപ്പിക്കുന്നതെന്നും കെജരിവാള്‍ പറഞ്ഞു.

കഴിഞ്ഞ 74 വര്‍ഷങ്ങളായി നമ്മള്‍ കുട്ടികളെ ഫിസിക്സും കെമിസ്ട്രിയും കണക്കും പഠിപ്പിച്ചു. എന്നാല്‍ ദേശഭക്തി പഠിപ്പിച്ചില്ല. ഡല്‍ഹിയിലെ ഓരോ കുട്ടികളും ശരിയായ അര്‍ഥത്തില്‍ ദേശഭക്തിയുള്ളവരാകും. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും ദേശഭക്തി കരിക്കുലം കാരണമാകുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. ദേശഭക്തിഗാനം കേള്‍ക്കുമ്പോഴോ ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോഴോ മാത്രം ജനങ്ങളില്‍ ഉണ്ടാകുന്ന വികാരമായി ദേശഭക്തി മാറിയിരിക്കുന്നു.

ഓരോരുത്തരുടേയും ഉള്ളില്‍ സ്വാഭാവികമായും ഉണ്ടാകേണ്ട വികാരമാണത്. കെജ്‍രിവാള്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമായാണ് പദ്ധതി സാധ്യമായത്. കോളജുകളില്‍ ഇന്ന് പണമുണ്ടാക്കുന്ന യന്ത്രങ്ങളെയാണു രൂപപ്പെടുത്തുന്നത്. ഇതു നിര്‍ത്തണം. ഇതുവരെ നമ്മുടെ വിദ്യാഭ്യാസ സംവിധാനം വഴി എന്‍ജിനീയര്‍മാരും അഭിഭാഷകരും പോലുള്ള പ്രഫഷനലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഈയൊരു കരിക്കുലത്തിലൂടെ ദേശഭക്തരായ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പാട്ടുകാരും മാധ്യമപ്രവര്‍ത്തകരും ഉണ്ടാകും.

ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്താകമാനം ഈ ആശയം സ്വീകരിക്കപ്പെടുമെന്നും കെജ്‍രിവാള്‍ അവകാശപ്പെട്ടു. നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഒരു പിരിയഡാണ് ദേശഭക്തി ക്ലാസിനായി മാറ്റിവയ്ക്കുകയെന്ന് ഡല്‍ഹി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ക്ലാസെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button