
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ താരങ്ങൾ മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ പങ്കുണ്ടെന്ന് പുറത്തുവന്നതോടെ ഇവരെ പരിഹസിച്ച് സാംസ്കാരിക നായകർ രംഗത്ത്. സംഭവത്തിൽ ഇയാളുടെ കള്ളത്തരങ്ങൾ വിശ്വസിച്ച് ‘ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തിൽ’ ഇരുന്നവരെ പേരെടുത്ത് പറയാതെ വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വല്യ വല്യ നിലയിലുള്ളവർ വല്യ വല്യ നിലയിലാകും കബളിപ്പിക്കപ്പെടുകയെന്ന് ശാരദക്കുട്ടി വ്യക്തമാക്കി.
ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
അടുപ്പം ഭാവിച്ച് നിന്നിട്ട് ഭംഗിയായിട്ട് കബളിപ്പിച്ച ഒരു പാടു കൂട്ടുകാരുണ്ട്. ചിലർ മറ്റു ചിലരെക്കുറിച്ച് ചിലതൊക്കെ അറിയാനായിരിക്കും നമ്മുടെ സൗഹൃദം ഉപയോഗിച്ചിട്ടുണ്ടാവുക. സ്നേഹത്തിൽ വിശ്വസിച്ച് ഹൃദയമങ്ങു തുറന്നു വെച്ചു കൊടുക്കും. വേറെ ചിലർ മറ്റു ചിലരോടുള്ള നമ്മുടെ സ്നേഹബന്ധം നശിപ്പിക്കാനായി അടുത്തു കൂടുകയും അവർ പറയാത്ത കാര്യങ്ങൾ പോലും പറഞ്ഞതായി നമ്മളെ ധരിപ്പിക്കുകയും ചെയ്യും. ങ്ഹും അങ്ങനെയാണല്ലേ എന്ന് കുറെക്കാലത്തേക്കെങ്കിലും നമ്മൾ അസ്വസ്ഥരാകും. പറഞ്ഞവർ മിടുക്കരും പറയാത്തവർ ഒന്നുമറിയാതെ ശത്രുക്കളുമാകും. ഈ കബളിപ്പിക്കലെല്ലാം കുറെ നാൾ കഴിഞ്ഞാകും നമ്മൾ തിരിച്ചറിയുക. അപ്പോഴേക്ക് നമ്മൾ മാനസികമായി നേടിയ പക്വത കൊണ്ട് അവരോട് ക്ഷമിച്ചു കഴിഞ്ഞിരിക്കും. പക്ഷേ നമ്മളതൊന്നും മറക്കില്ല. മറന്നതു പോലെ പെരുമാറാൻ അഭ്യസിച്ചിരിക്കും. സ്നേഹിച്ചതിനും വിശ്വസിച്ചതിനും കിട്ടിയ ശിക്ഷകളുടെ കൂട്ടത്തിൽ അവ രേഖപ്പെടുത്തി വെക്കും. ആ രേഖാപുസ്തകം വളരെ വലുതായിരിക്കും.
ചെറിയ തോതിലാണെങ്കിൽ പോലും കബളിപ്പിക്കപ്പെടുകയായിരുന്നു എന്നറിയുന്നതിനോളം വലിയ മാനക്കേടില്ല. അന്ന് കബളിപ്പിച്ചവർ ചിരിച്ച ചിരിയോളം വലുതല്ല മറ്റൊരപമാനവും. പക്ഷേ, വിക്രമാദിത്യന്റെ തലയിലിരുന്ന കിരീടമാണെന്നോ, തിലോത്തമയുടെ കാലിലെ ചിലങ്കയാണെന്നോ , കാളിദാസനെഴുതാനുപയോഗിച്ച പേനയാണെന്നോ രാവണൻ സീതക്കു കൊടുക്കാൻ വാങ്ങി വെച്ചിരുന്ന സാരിയാണെന്നോ ഒക്കെ പറഞ്ഞ് ഒരാൾ സമീപിച്ചാൽ അതും അണിഞ്ഞ് ഫോട്ടോ എടുക്കാനൊന്നും നിന്നു കൊടുക്കുമെന്നു തോന്നുന്നില്ല. കൈയ്യിൽ വെച്ചിരുന്നാൽ മതി എന്നു പറയാനുള്ള ബുദ്ധിയൊക്കെയുണ്ടല്ലോ എന്നോർക്കുമ്പോൾ എന്തൊരു സമാധാനം. വല്യ വല്യ നിലയിലുള്ളവർ വല്യ വല്യ നിലയിലാകും കബളിപ്പിക്കപ്പെടുക.
Post Your Comments