ദില്ലി: കര്‍ഷകരുടെ ഭാരത് ബന്ദിന് വിചാരിച്ച പിന്തുണ കിട്ടിയില്ലെന്ന് റിപ്പോര്‍ട്ട്. പലയിടത്തും സാധാരണ നിലയില്‍ കാര്യങ്ങള്‍ നടന്നുവെന്നാണ് വ്യക്തമാകുന്നത്. കാര്‍ഷിക നിയമം കേന്ദ്രം നടപ്പാക്കി ഒരു വര്‍ഷം പിന്നിടുന്ന വേളയിലായിരുന്നു കര്‍ഷകര്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് മണിവരെയായിരുന്നു ഭാരത് ബന്ദ് നടന്നത്. ചിലയിടങ്ങളില്‍ റോഡുകള്‍ ബ്ലോക് ചെയ്തും ഗതാഗതം തടസപ്പെടുത്തിയും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ബന്ദ് കാര്യമായി എവിടെയും ഏറ്റില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
പലയിടത്തും ബന്ദിന്റെ പ്രതിഫലനം പോലുമുണ്ടായിരുന്നില്ലെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലൊഴികെ ബന്ദിന്റെ പ്രതീതി മറ്റൊരു സംസ്ഥാനത്തും ഇല്ലായിരുന്നു. പലയിടത്തും കനത്ത മഴയുണ്ടായിട്ടും ട്രാഫിക് കുരുക്ക് ഉണ്ടായി. മുംബൈയില്‍ മാളുകളും കടകളുമെല്ലാം സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിച്ചു. ഇതിന്റെ വീഡിയോയും പുറത്തുവിട്ടുണ്ട്. ഒരുസ്ഥലത്തും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഭാരത് ബന്ദിന്റെ ലക്ഷണം പോലും മുംബൈയില്‍ കാണാനില്ലെന്നാണ് ട്വിറ്ററിലെ പ്രതികരണം. നോ ഭാരത് ബന്ദ് എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗിലാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പോലും ഭാരത് ബന്ദ് പരാജയപ്പെട്ടെന്നും, ആരും അതിനെ സ്വീകരിച്ചില്ലെന്നും ഒരാള്‍ ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയില്‍ മാത്രമല്ല പല സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സാഹചര്യം.മധ്യപ്രദേശിലും ഭാരത് ബന്ദ് യാതൊരു ചലനവും ഉണ്ടാക്കിയില്ല. എല്ലാ പ്രവര്‍ത്തനവും സാധാരണ നിലയില്‍ തന്നെ നടന്നു. ഭോപ്പാലിലും ഇന്‍ഡോറിലും തിരക്കേറിയ ദിവസം കൂടിയായിരുന്നു കടന്നുപോയതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.
പഞ്ചാബില്‍ മാത്രമാണ് പ്രതിഷേധം നടന്നതെന്നും, ഹരിയാനയിലും യുപിയിലും യാതൊരു ചലനവും ബന്ദിനെ തുടര്‍ന്ന് ഉണ്ടായിട്ടില്ലെന്നും ബിജെപി അനുയായികള്‍ പറയുന്നു. വ്യാജ സമരത്തിന് ഇന്ത്യയിലെവിടെയും പിന്തുണ ലഭിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.യോഗേന്ദ്ര യാദവിന് അടക്കം പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒഡീഷയില്‍ ട്രെയിന്‍ തടഞ്ഞുവെന്ന യോഗേന്ദ്ര യാദവിന്റെ ട്വീറ്റിനായിരുന്നു പരിഹാസം. മറ്റൊരാള്‍ ഭാരത് ബന്ദ് എവിടെയുമില്ലെന്നും, താന്‍ രണ്ട് മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമെന്നും, കഴിവില്ലാത്ത ആളുകള്‍ രാജ്യം തകര്‍ക്കാന്‍ ഇറങ്ങിയത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇയാള്‍ കുറിച്ചു.
എന്നാല്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് ഭാരത് ബന്ദ് വിജയകരമായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. എല്ലാ അടച്ചിടാന്‍ വേണ്ടിയല്ല ഈ ബന്ദ് നടത്തിയത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും ടിക്കായത്ത് പറഞ്ഞു.അതേസമയം ദില്ലിയിലും കാര്യമായ ചലനങ്ങളൊന്നും ബന്ദിനെ തുടര്‍ന്നുണ്ടായിട്ടില്ല. മാര്‍ക്കറ്റുകള്‍ എല്ലാം തുറന്നിരുന്നു. എന്നാല്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് കുരുക്കായിരുന്നു ഇതിന്റെ കാരണം.
പോലീസ് പ്രശ്നങ്ങളൊന്നുമുണ്ടാവാതിരിക്കാന്‍ പല പ്രധാന റോഡുകളും അടിച്ചിരുന്നു. നഗരാതിര്‍ത്തി കടക്കാന്‍ യാത്രക്കാര്‍ നന്നായി ബുദ്ധിമുട്ടി. ദില്ലി-ഗുര്‍ഗാവ് അതിര്‍ത്തിയിലായിരുന്നു വലിയ കുരുക്ക് അനുഭവപ്പെട്ടത്. തിക്രി അതിര്‍ത്തിക്ക് സമീപമുള്ള ദില്ലി മെട്രോ സ്റ്റേഷന് സുരക്ഷാ പ്രശ്നത്തെ തുടര്‍ന്ന് അടച്ചിട്ടു.ദില്ലിയിലെ മാര്‍ക്കറ്റുകള്‍ ബന്ദിന്റെ യാതൊരു സ്വാധീനവുമുണ്ടായിരുന്നില്ലെന്ന് അഖിലേന്ത്യ ട്രേഡേഴ്സ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
അതേസമയം പിന്തുണ പ്രഖ്യാപിച്ച ഓട്ടോ-ടാക്സി യൂണിയനുകളും മറ്റ് തൊഴിലാളി സംഘടനകളും കാര്യമായിട്ടുള്ള ഇടപെടല്‍ ഒന്നും നടത്തിയില്ല. ഇവരൊന്നും ബന്ദിന്റെ ഭാഗമായില്ല. കൊവിഡിനെ തുടര്‍ന്ന് ഇവരുടെ ജീവിതം തന്നെ താളം തെറ്റിക്കുന്ന നില്ക്കുന്ന സമയത്ത് ആരും പണിമുടക്കാന്‍ തയ്യാറായില്ല. ജന്ദര്‍ മന്ദറില്‍ ചിലര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയിരുന്നു. ബിജെപി ഇതര പാര്‍ട്ടികള്‍ മഹാരാഷ്ട്രയില്‍ അടക്കം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അസമിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടായില്ല.
Post Your Comments