ന്യൂഡൽഹി: മൂന്നുദിവസത്തെ സന്ദർശനത്തിനുശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ ബി.ജെ.പി. നേതാക്കളുടെ ഉജ്ജ്വല സ്വീകരണം. ഷാളണിയിച്ചും പൂച്ചെണ്ടു നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും മുൻ ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമുൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ ലോകം വ്യത്യസ്തരീതിയിലാണ് കാണുന്നതെന്നു തെളിയിക്കുന്നതാണ് അമേരിക്കൻ സന്ദർശനമെന്ന് നഡ്ഡ പറഞ്ഞു. നരേന്ദ്ര മോദി ആഗോള നേതാവാണെന്നും അദ്ദേഹത്തിനു കീഴിൽ ഇന്ത്യ ആഗോള ശക്തിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക തിരിച്ചുനൽകിയ ഇന്ത്യയുടെ 157 കരകൗശല-പുരാവസ്തുക്കളുമായാണ് പ്രധാനമന്ത്രി എത്തിയത്.
ലക്ഷ്മി നാരായണ, ബുദ്ധ, വിഷ്ണു, ശിവപാർവതി, തീർഥങ്കരന്മാർ, നടരാജൻ എന്നിവരുടെ വെങ്കലരൂപങ്ങളും ഇതിൽ ഉൾപ്പെടുന്നതായി സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു. സാംസ്‌കാരിക വസ്തുക്കളുടെ മോഷണം, അനധികൃത വിൽപ്പന, കടത്ത് എന്നിവ തടയാനുള്ള ഇന്ത്യ-അമേരിക്ക ധാരണയുടെ ഭാഗമായിട്ടാണ് ഈ തിരിച്ചുനൽകൽ.
Post Your Comments