ചണ്ഡിഗഡ്: കര്‍ഷക നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വര്‍ഷം സമരം ചെയ്യാന്‍ തയാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ഇത്തരം കരിനിയമങ്ങള്‍ രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ടിക്കയത്ത് പറഞ്ഞു.
സര്‍ക്കാര്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാകണം. പത്തുവര്‍ഷം സമരം ചെയ്യേണ്ടി വന്നാലും ഈ സമരത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല.- പാനിപത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംയുക്ത കിസാന്‍ സഭ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മുന്നോടിയായാണ് ഭാരതീയ കിസാന്‍ യൂണിയന്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടപ്പാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി രാഷ്ട്രീയ പിന്തുണയോടെ സമരക്കാർ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തും. ഏതു സമയത്തും നമുക്ക് ഡല്‍ഹിയിലേക്ക് തിരിക്കേണ്ടി വന്നേക്കാം. അതിനാല്‍ കര്‍ഷകരോട് തങ്ങളുടെ ട്രാക്ടര്‍ ശരിയാക്കിവെക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സര്‍ക്കാര്‍ ഈ നിയമം പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ അടുത്ത സര്‍ക്കാര്‍ അതിന് തയാറാകാണം. ഈ നിയമം തുടരാന്‍ അനുവദിക്കില്ല. സമരം തുടര്‍ന്നുകൊണ്ടേയിരിക്കും- രാകേഷ് ടിക്കായത്ത് പറഞ്ഞു.
Post Your Comments