ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി പരിശോധനയ്‌ക്കെത്തിയത്. വെള്ള കുര്‍ത്തയും സുരക്ഷാ ഹെല്‍മറ്റും ധരിച്ചെത്തിയ പ്രധാനമന്ത്രി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അമേരിക്കയിൽ നിന്നെത്തിയ പ്രധാനമന്ത്രി വിശ്രമമില്ലാതെയാണ് തന്റെ പ്രവർത്തനങ്ങളിൽ വ്യാപൃതനായത്.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണങ്ങള്‍ പ്രധാനമന്ത്രി ആദ്യമായിട്ടാണ് സന്ദര്‍ശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ കോടികള്‍ മുടക്കിയുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്ന പ്രതിപക്ഷ ആവശ്യങ്ങള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
രാത്രി 8.45 ഓടെയാണ് പ്രധാനമന്ത്രി ഇങ്ങോട്ടേക്കെത്തിയത്. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ല.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിനാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്.
Post Your Comments