കണ്ണൂർ: കണ്ണൂർ ജില്ലയുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന തലശ്ശേരിയിലെ കൊടുവള്ളി റെയിൽവെ മേൽപാലം പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. പൈലിംഗ് പ്രവൃത്തി ആരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
‘തലശ്ശേരി ഭാഗത്തുള്ളവർ നിരന്തരം ഉപയോഗിക്കുന്ന പ്രധാന റോഡായ കൊടുവള്ളിയിലെ ലെവൽക്രോസിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുള്ളത്. ഇതിന് പരിഹാരം കാണണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. തലശ്ശേരിയിൽ നിന്നും പിണറായി, മമ്പറം, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണിത്. ഈ പ്രദേശത്തുള്ളവരുടെ പ്രധാന ആശ്രയവും ഈ പാതയാണ്. കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നതിനും ഈ പാതയെ ആശ്രയിച്ചു വരുന്നു. ഇവിടെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദേശീയപാത വരെ പലപ്പോഴും നീളാറുണ്ടെന്ന്’ അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലാണ് കൊടുവള്ളി റെയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ തീരുമാനമായത്. 19 കോടി രൂപ ഉപയോഗിച്ചാണ് കൊടുവള്ളി റെയിൽവെ മേൽപാലം പണിയുന്നത്. കോവിഡ് കാരണം പ്രവൃത്തി ആരംഭിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. തടസ്സങ്ങളെല്ലാം നീക്കി ഇപ്പോൾ പൈലിംഗ് പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. സമയബന്ധിതമായി തന്നെ പ്രവൃത്തി പൂർത്തീകരിച്ച് മേൽപാലം നാടിന് സമർപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന്’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചു: വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Post Your Comments