തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് അപമാനിച്ചതില്‍ നടപടി എടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധം ശക്തം. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ തങ്ങളുടെ മൊഴിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ പ്രഖ്യാപിച്ച ഉപവാസത്തിനു പൂർണ പിന്തുണയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ആഭ്യന്തര വകുപ്പ് നീതി പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പൊതുജന മധ്യത്തില്‍ ഈ അച്ഛനും മകളും ഇല്ലാത്ത മോഷണക്കേസിലെ പ്രതികളാക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ഐജി ഹർഷിദാ അട്ടല്ലൂരിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെയും ഈ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പൊലീസ് റിപ്പോർട്ട്. പട്ടികജാതി കമ്മീഷന് നൽകിയ റിപ്പോർട്ടിൽ, രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.
Post Your Comments