പ്രഭാസിനെ നായകനാക്കി രാമായണത്തിന്റെ പശ്ചാത്തലത്തില്‍ ഓം റൗത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ റിലീസിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനെതിരെ കടുത്ത പരിഹാസമാണ് ഉയർന്നത്. അണിയറ പ്രവർത്തകരുടെ തീരുമാനത്തെ ട്രോളി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. ‘ഞാൻ പോകുന്നില്ല. ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ, ഹനുമാൻ എന്റെ മടിയിലെങ്ങാനും വന്നിരുന്നാലോ, ഞാൻ പേസ്റ്റ് ആയിപ്പോയില്ലേ’ എന്നാണ് ബിന്ദു അമ്മിണി ഫേസ്‌ബുക്കിൽ കുറിച്ചത്.
സംഭവം ട്രോളര്മാര് ഏറ്റെടുത്തു. ”ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്. ആദിപുരുഷ് ടീം എല്ലാ തിയേറ്ററുകളിലും ഹനുമാന് അദ്വിതീയമായ ഇരിപ്പിടം സമര്‍പ്പിക്കുന്നു. വിറ്റഴിക്കപ്പെടാത്ത ഈ സീറ്റുകള്‍ രാമഭക്തരുടെ വിശ്വാസത്തെ ആദരിക്കുന്നതിന്റെ ഭാഗമാണ്” എന്നാണ് ട്രേഡ് അനലിസ്റ്റ് എബി ജോര്‍ജ് ട്വീറ്റ് ചെയ്തത്. സിനിമ കാണാനെത്തിയ ഹനുമാനോട് റിവ്യൂ ചോദിക്കുന്ന യൂട്യൂബ് ചാനലുകള്‍ അടക്കം ട്രോളന്മാര്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘ഇന്റര്‍വെല്ലിന് ഒരു മുട്ട പഫ്‌സും ചായയും’ ചോദിക്കുന്ന പോപ്‌കോണ്‍ കഴിക്കുന്ന കുട്ടി ഹനുമാനും ട്രോളുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, രാമായണം ചൊല്ലുന്നിടത്തെല്ലാം രാമന്റെ ഭക്തനായ ഹനുമാനുണ്ടാകും എന്ന വിശ്വാസപ്രകാരമാണ് ഇത്തരമൊരു തീരുമാനം കെെക്കൊള്ളുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജൂണ്‍ 16ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
Post Your Comments