കണ്ണപുരം: നിർമാതാവ് ആണെന്ന് പറഞ്ഞ് നിരവധി ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങൾ കവർന്ന കൊല്ലം സ്വദേശി ബിജു തോമസ് ഏബ്രഹാം (49) അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തും സിനിമയിൽ അഭിനയിപ്പിക്കാമെന്ന് കള്ളം പറഞ്ഞുമാണ് ഇയാൾ പലതവണയായി നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തത്. ആരോൺ ദേവരാഗ് എന്ന തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ തന്റെ ഇരകളെ കണ്ടെത്തിയിരുന്നത്.
താൻ നിർമാതാവ് ആണെന്നായിരുന്നു ഇയാൾ യുവാക്കളോട് പറഞ്ഞിരുന്നത്. പ്രമുഖരായ സിനിമാ നടന്മാരുടെ കൂടെയും അതുപോലെ സമൂഹത്തിലെ ഉന്നത വ്യക്തികളുടെയും കൂടെയും ഫോട്ടോയെടുത്ത് ഇയാൾ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതോടെ, ‘നിർമാതാവ് പട്ടം’ പലരും വിശ്വസിക്കും. ബംഗളൂരുവിലും കേരളത്തിലുമായി നിരവധി യുവതി-യുവാക്കളെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു പണം വാങ്ങിയിട്ടുണ്ട്. പലരും ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായിട്ടില്ല.
Also Read:സഖാക്കളുടെ ആ മോഹം പാർട്ടിക്ക് ദോഷം: സി പി എം
എഡിജിപിയായ മനോജ് ഏബ്രഹാം തന്റെ ബന്ധുവാണെന്ന് പറഞ്ഞും ഇയാൾ നിരവധി ആളുകളെ പറ്റിച്ചു പണം കൈക്കലാക്കിയിട്ടുണ്ട്. 2016ൽ സിനിമാ നിർമിക്കാനെന്നു പറഞ്ഞ് കണ്ണപുരം സ്വദേശി മനു കൃഷ്ണനിൽനിന്നു മൂന്നര ലക്ഷം വാങ്ങിയിരുന്നു. ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസിലാക്കിയ മനു പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരേസമയം, മിലിറ്ററി ഡോക്ടർ ആയും നിർമാതാവ് ആയും ഇയാൾ ആളുകളെ വീഴ്ത്തുമായിരുന്നു. മിലിട്ടറി യൂണിഫോമണിഞ്ഞുള്ള വ്യാജ ഐഡൻറിറ്റി കാർഡ് ഉണ്ടാക്കിയാണ് ആളുകളെ പറ്റിച്ചു ലക്ഷങ്ങൾ വാങ്ങുന്നത്. മിലിറ്ററിയിൽ ജോലി വാഗ്ദാനം ചെയ്ത് 18 കുടുംബങ്ങളിൽനിന്ന് ഓരോ ലക്ഷം രൂപ വാങ്ങിയ കേസ് ബംഗളൂരുവിൽ ഉണ്ട്. ബംഗളൂരുവിൽ താമസമാക്കിയ ബിജുവിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണപുരം പോലീസ് പിടികൂടിയത്.
Post Your Comments