ഭോപ്പാല്‍: പിറന്നാള്‍ പാര്‍ട്ടിക്കിടെ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ നീമൂച്ച് ജില്ലയില്‍ നടന്ന സംഭവത്തിൽ 30കാരിയായ യുവതിയുടെ പരാതിയെ തുടർന്ന് മുഖ്യപ്രതിയേയും അയാളുടെ അമ്മയേയും പോലീസ് പിടികൂടി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
സെപ്തംബർ ആദ്യം പ്രതിയുടെ വീട്ടില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിക്കിടെയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. മുഖ്യപ്രതിയും അയാളുടെ സഹോദരനും മറ്റൊരു സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. പീഡന ദൃശ്യം ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ വിവരം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ശേഷം മുഖ്യപ്രതിയുടെ അമ്മയും ബന്ധുവും പീഡന ദൃശ്യമങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിപണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലൂടെയാണ് മുഖ്യപ്രതി യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വാട്‌സാപ്പിലൂടെ സൗഹൃദം തുടര്‍ന്ന പ്രതി ഇളയ സഹോദരന്റെ ജന്‍മദിന പാര്‍ട്ടിക്ക് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments