ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യവുമായി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി കോടതിയെ സമീപിച്ചു. 20 ആഴ്ച പ്രായമുള്ള ഭ്രൂണം നശിപ്പിക്കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. ഇതിനാണ് പെണ്‍കുട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. എയിംസ് മെഡിക്കല്‍ സൂപ്രണ്ടിനോടാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റീസ് മുക്ത ഗുപ്തയുടേതാണ് വിധി.
Read Also : ഓൺലൈനിൽ ലാപ്ടോപ്പ് ബുക്ക് ചെയ്ത വിദ്യാര്‍ഥിനി തട്ടിപ്പിനിരയായി: നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
താന്‍ ഗര്‍ഭഛിദ്രത്തിന് എയിംസ് ആശുപത്രിയെ സമീപിക്കുമ്പോള്‍ ഗര്‍ഭകാലം 20 ആഴ്ചയില്‍ എത്തിയിട്ടില്ലായിരുന്നുവെന്നും ആശുപത്രി വിസമ്മതിച്ചതിനാലാണ് ഭ്രൂണവളര്‍ച്ച 20 ആഴ്ച പിന്നിട്ടതെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. നിയമപരമായി തനിക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ ആശുപത്രി അകാരണമായി ഇത് തടയുകയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പരാതിപ്പെടുകയായിരുന്നു.
ഹര്‍ജിയില്‍ കുടുതല്‍ സമയം ആവശ്യപ്പെട്ട എയിംസ് സൂപ്രണ്ടിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഇത്തരം കേസുകള്‍ ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാന്‍ പറ്റുമോ എന്ന് കോടതി വാക്കാല്‍ ചോദിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 23-നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് ഒരു മാസത്തിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിക്ക് മനസിലാകുന്നത്. പിന്നാലെ സെപ്റ്റംബര്‍ ആദ്യ ആഴ്ച 15 ആഴ്ച പഴക്കമുള്ള ഭ്രൂണം നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി എയിംസ് ആശുപത്രിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭകാലം 16 ആഴ്ച പിന്നിട്ടുവെന്ന് വിധിയെഴുതി ആശുപത്രി ഗര്‍ഭഛിദ്രം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി ഹൈക്കോടതിയെ പെണ്‍കുട്ടി സമീപിച്ചത്.
Post Your Comments