ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകനേതാക്കള്‍ക്ക് സമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യപൂര്‍വ്വ സമ്മാനങ്ങളാണ് മോദി നല്‍കിയത്. കമല ഹാരിസിന്റെ മുത്തച്ഛനായ പി.വി.ഗോപാലനുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ കോപ്പി തടികൊണ്ടുള്ള ചട്ടക്കൂടില്‍ അലങ്കരിച്ചതായിരുന്നു ആദ്യ സമ്മാനം.
ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രി സമ്മാനങ്ങള്‍ നല്‍കിയത്. കൂടാതെ രാജ്യത്തെ പുരാതന നഗരങ്ങളിലൊന്നായ കാശി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരകൗശല രീതിയായ ഗുലാബി മീനാകാരി ചെസ് സെറ്റും കമല ഹാരിസിന് പ്രധാനമന്ത്രി നല്‍കി. കാശിയുടെ സ്പന്ദനം പ്രതിഫലിപ്പിച്ച് കടുത്ത നിറങ്ങള്‍ ഉപയോഗിച്ച് പൂര്‍ണമായും കൈ കൊണ്ടാണ് ചെസ് സെറ്റിന്റെ നിര്‍മ്മാണം. വിവിധ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കൂടിക്കാഴ്ചയിലെ തീരുമാനം.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ക്വാഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലും ലോകനേതാക്കള്‍ക്ക് പ്രധാനമന്ത്രി സമ്മാനങ്ങള്‍ നല്‍കി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ് പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ച വെള്ളിയില്‍ തീര്‍ത്ത ഗുലാബി മീനാകാരി കപ്പലാണ് സമ്മാനിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്ക് ചന്ദനത്തില്‍ തീര്‍ത്ത ബുദ്ധപ്രതിമയും പ്രധാനമന്ത്രി നല്‍കി.
Post Your Comments