ന്യൂയോര്‍ക്ക്: മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാല്‍കോം, ബ്ലാക്ക് സ്റ്റോണ്‍ ഉള്‍പ്പടേയുള്ള ലോകത്തെ തന്നെ 5 വന്‍കിട കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ 5 ജി സാങ്കേതിക വിദ്യയും ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ക്വാല്‍കോം സിഇഒ ക്രിസ്റ്റ്യാനോ അമോനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. രണ്ട് മേഖലയിലും ഇന്ത്യയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ക്രിസ്റ്റ്യാനോ അമോന മോദിയെ അറിയിച്ചു. ഈ അഞ്ചു കമ്പനികളെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയാം.
ക്വാല്‍കോം
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്സ് മേഖല വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഇലക്‌ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കും നിര്‍മ്മാണത്തിനുമായി ഈയിടെ ആരംഭിച്ച ഉത്പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയും (ഇഎസ്ഡിഎം) ഇന്ത്യയിലെ സെമി കണ്ടക്റ്റര്‍ വിതരണ ശൃംഖലയിലെ വികസനത്തോടൊപ്പം ഇന്ത്യയിലെ പ്രാദേശിക നവീനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും ചര്‍ച്ചാ വിഷയമായെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
ബ്ലാക്ക്‌സ്റ്റോണ്‍
ബ്ലാക്ക്‌സ്റ്റോണിന്റെ ചെയര്‍മാനും സിഇഒയും സഹസ്ഥാപകനുമായ സ്റ്റീഫന്‍ ഷ്വാര്‍സ്മാനുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു പ്രധാന കൂടിക്കാഴ്ച. ഇന്ത്യയിലെ ബ്ലാക്ക്‌സ്റ്റോണിന്റെ നിലവിലുള്ള പദ്ധതികളെക്കുറിച്ചും അടിസ്ഥാനസൗകര്യങ്ങള്‍ , റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ കൂടുതല്‍ നിക്ഷേപങ്ങളോടുള്ള അവരുടെ താല്‍പ്പര്യത്തെക്കുറിച്ചും ഷ്വാര്‍സ്മാന്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍, നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വാഗ്ദാന നിക്ഷേപ അവസരങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു.
ജനറല്‍ അറ്റോമിക്സ് ഗ്ലോബല്‍
ഇന്ത്യയിലെ പ്രതിരോധ സാങ്കേതിക മേഖലയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ജനറല്‍ അറ്റോമിക്സ് ഗ്ലോബല്‍ കോര്‍പ്പറേഷന്റെ ചീഫ് എക്സിക്യൂട്ടീവ് വിവേക് ലാലുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. പ്രതിരോധവും ഉയര്‍ന്നു വരുന്ന സാങ്കേതികവിദ്യാ നിര്‍മ്മാണവും ഇന്ത്യയിലെ ശേഷി വര്‍ദ്ധനയും ത്വരിതപ്പെടുത്തുന്നതിനുള്ള സമീപകാല നയ മാറ്റങ്ങളെ ലാല്‍ അഭിനന്ദനം അറിയിച്ചെന്നും വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
അഡോബ്
അഡോബിന്റെ പ്രസിഡന്റും സിഇഒയുമായ ശാന്തനു നാരായണുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അഡോബിന്റെ തുടര്‍ സഹകരണവും ഇന്ത്യയിലെ ഭാവി നിക്ഷേപ പദ്ധതികളും ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ മുന്‍നിര പരിപാടിയായ ഡിജിറ്റല്‍ ഇന്ത്യ, ആരോഗ്യം, വിദ്യാഭ്യാസം, ഗവേഷണ -വികസന മേഖലകളില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഫസ്റ്റ് സോളാര്‍
ഇന്ത്യയുടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സാധ്യതകളെ കു റിച്ചും, പ്രത്യേകിച്ച് സൗരോര്‍ജ്ജ സാധ്യതയെക്കുറിച്ചും 2030 ഓടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്നുള്ള 450 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തെക്കുറിച്ചുമായിരുന്നു ഫസ്റ്റ് സോളാര്‍ സിഇഒ മാര്‍ക്ക് വിഡ്‌മറുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പ്രധാന ചര്‍ച്ചാ വിഷയമായത്. അടുത്തിടെ പ്രഖ്യാപിച്ച ഉത്പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി ഉപയോഗപ്പെടുത്തി അവരുടെ തനതായ നേര്‍ത്ത ഫിലിം സാങ്കേതികവിദ്യ വിനിയോഗിച്ച് ഇന്ത്യയില്‍ ഫസ്റ്റ് സോളാറിന്റെ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതോടൊപ്പം ഇന്ത്യയെ ആഗോള വിതരണ ശൃംഖലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നു.
അതേസമയം, ഇന്ന് വൈകിട്ടാണ് പ്രസഡന്റ് ജോ ബൈഡനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തിയതിന് ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇന്ന് നടക്കുന്നത്. കോവിഡ് പ്രതിരോധം, തീവ്രവാദം, അഫ്ഗാന്‍ പ്രതിസന്ധി എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്നലെ വൈകിട്ടോടെ നടന്നിരുന്നു. ഇന്ത്യ അമേരിക്ക ബന്ധത്തിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് ഇരു നേതാക്കളും പറഞ്ഞു.
Post Your Comments