Latest NewsIndiaInternational

ഇന്ത്യയെ 250 കൊല്ലം അടക്കി ഭരിച്ച ബ്രിട്ടനെ ഇന്ത്യ മറികടക്കുന്നു: വിപണി മൂല്യത്തിൽ ലോക ശക്തിയാകും

നിലവിൽ 3.5 ലക്ഷം കോടി ഡോളർ മൂല്യമുള്ള ഇന്ത്യൻ ഓഹരി വിപണി 5 ലക്ഷം കോടി ഡോളറായി ഉയരാൻ പോവുകയാണ് 2024ൽ.

കൊച്ചി: ഇന്ത്യൻ ഓഹരി വിപണി മൂന്നു വർഷത്തിനകം യുകെയിലെ വിപണിയെ കടത്തിവെട്ടുമെന്നു വിദഗ്ധർ. ഇതോടെ ലോകത്തു തന്നെ അഞ്ചാംസ്ഥാനത്തുള്ള ഓഹരി വിപണിയായി മാറും ഇന്ത്യയുടേത്. പറയുന്നത് സാധാരണ വിശകലനക്കാരല്ല, പാശ്ചാത്യ ലോകത്തെ തന്നെ മികച്ച ഗോൾഡ്മാൻ സാക്സ് ഇൻവെസ്റ്റ്മന്റ് ബാങ്കിലെ വിദഗ്ധരാണ്.ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2025 ആകുമ്പോഴേക്കും 5 ട്രില്യൻ ഡോളർ അഥവാ 5 ലക്ഷം കോടി ഡോളർ കവിഞ്ഞു മുന്നേറുമെന്നു നേരത്തേതന്നെ വിലയിരുത്തലുള്ളതാണ്.

അപ്പോഴേക്കും യുകെയെ ആറാം സ്ഥാനത്തേക്കു പിന്തള്ളി ഇന്ത്യ ലോകസമ്പദ്‌വ്യവസ്ഥകളിൽ അഞ്ചാം സ്ഥാനത്തെത്തും. 74 വർഷം മുൻപു മാത്രം ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം കിട്ടിയ രാജ്യം അങ്ങനെ ബ്രിട്ടിഷ് സാമ്രാജ്യത്തെ കടത്തിവെട്ടാനൊരുങ്ങുന്നു. ഇന്ത്യയെ 250 കൊല്ലം അടക്കി ഭരിച്ച സൂര്യനസ്തമിക്കാത്ത പഴയ സാമ്രാജ്യത്തെ ഇന്ത്യ മറികടക്കുന്നതു ചെറിയ കാര്യമല്ല. യൂറോപ്യൻ ശാക്തിക ചേരിയിൽ ബ്രിട്ടൻ വെറുമൊരു ദ്വീപു രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയുമാണ്.

യൂറോപ്പിൽ ജർമ്മനിയും ഫ്രാൻസുമെല്ലാം ബ്രിട്ടന്റെ മുന്നിലാണ്. യൂറോപ്യൻ യൂണിയൻ കൂടി വിട്ടു പോയതോടെ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണിന്നു ഗ്രേറ്റ് ബ്രിട്ടൻ.ഇന്ത്യൻ ഓഹരി വിപണിയെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ പോകുന്നത് 150ലേറെ ഇന്ത്യൻ കമ്പനികൾ. ഇവയുടെ വിപണി മൂല്യംതന്നെ നൂറു കണക്കിനു ബില്യൻ ഡോളറും. ഗൂഗിൾ മാപ്പിനും ആമസോൺ അലക്സയ്ക്കും മറ്റും മാപ്പിനു വേണ്ട അടിസ്ഥാന വിവരങ്ങൾ നൽകുന്ന മാപ് മൈ ഇന്ത്യ എന്ന കമ്പനി 82.5 കോടി ഡോളറിന്റെ ഐപിഒ ആണു പ്ലാൻ ചെയ്യുന്നത്.

ഓൺലൈൻ ഭക്ഷണ, ബാങ്കിങ്, വിൽപന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സൊമാറ്റോ, പേ ടിഎം, ഓല,ഫ്ളിപ്കാർട്ട് എന്നിവയെല്ലാം ഇതേ വഴിയിലാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ വിപണിമൂല്യം 40,000 കോടി ഡോളർ കണ്ട് വളരാൻ പോവുകയാണെന്നും ഗോൾഡ്മാൻസാക്സ് പ്രവചിക്കുന്നു. ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ ഐപിഒകളിൽനിന്നു തന്നെ ഇക്കൊല്ലം 1,000 കോടി ഡോളർ സമാഹരിക്കും. പിന്നെയും കാത്തു നിൽക്കുകയാണ് 150 സ്വകാര്യ കമ്പനികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാനായി.

നിലവിൽ 3.5 ലക്ഷം കോടി ഡോളർ മൂല്യമുള്ള ഇന്ത്യൻ ഓഹരി വിപണി 5 ലക്ഷം കോടി ഡോളറായി ഉയരാൻ പോവുകയാണ് 2024ൽ. ബ്രിട്ടൻ അതോടെ അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കു മാറേണ്ടി വരും. ഇന്ത്യയും അങ്ങനെ ഓഹരികളുടെ സാമ്രാജ്യമാകും. സ്റ്റോക്ക് മാർക്കറ്റ് എംപയർ തിരിച്ചടിക്കുകയാണ്. 250 വർഷം ഇന്ത്യയെ അടക്കിഭരിച്ചവരോടുള്ള മധുരപ്രതികാരവുമായി!

shortlink

Related Articles

Post Your Comments

Related Articles


Back to top button