തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാദ്ധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചര്‍ച്ചാവിഷയം. ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന് നേരെ ദേശാഭിമാനി ലേഖകന്‍ ഭീഷണി മുഴക്കിയ സംഭവമാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോചീഫ് ശ്രീകണ്ഠന്‍ ആണ് വിനു വി.ജോണിന് ഫോണില്‍ ഭീഷണി സന്ദേശം അയച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് വിവാദ സംഭവം ഉണ്ടായത്. നിയമസഭയിലെ തെമ്മാടികള്‍’ എന്നപേരില്‍ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ നിയമസഭയില്‍ എല്‍ഡിഎഫ് നടത്തിയ സമരമായിരുന്നു ചര്‍ച്ച. അഭിഭാഷകനായ എം ആര്‍ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ച കൊഴുക്കുന്നതിനിടെയാണ് ദേശാഭിമാനിയില്‍ നിന്ന് ഭീഷണി സന്ദേശം ഏഷ്യാനെറ്റ് സ്റ്റുഡിയോയില്‍ എത്തിയത്. ‘മന്ത്രി വി ശിവന്‍കുട്ടിയെ ചോദ്യം ചെയ്യാന്‍ താനാരാണ്. ഇതു പോലെ ചാനലില്‍ നെഗളിച്ചവരുടെ വിധി ഓര്‍ക്കുക’ ഇതായിരുന്നു ഭീഷണി സന്ദേശം.
എന്നാല്‍, താന്‍ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു.വി.ജോണ്‍ പറഞ്ഞു.
‘താന്‍ വേണു ബാലകൃഷ്ണനെപ്പോലെ ഒരാള്‍ക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീയോട് പോലും മോശമായി പെരുമാറിയിട്ടില്ല. നാളെ ഇത്തരം കേസുകളില്‍ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതില്‍ താന്‍ പോലീസില്‍ പരാതിപ്പെടും. ഭീഷണികള്‍ക്ക് വഴങ്ങില്ല. ദേശാഭിമാനി എഡിറ്റര്‍ കോടിയേരി ബാലകൃഷ്ണന്‍ ഈ ഭീഷണിയില്‍ നയം വ്യക്തമാക്കണം’- വിനു ജോണ്‍ പറഞ്ഞു.
‘താന്‍ രണ്ടു പെണ്‍മക്കളുടെ അപ്പനാണ്. മാന്യമായി തൊഴിലെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാല്‍, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണം’- വിനു വി ജോണ്‍ ആവശ്യപ്പെട്ടു.
Post Your Comments